kripanand-tripathi-ujela
ആന്ധ്രാപ്രദേശ് എ.ഡി.ജി.പി കൃപാനന്ദ് ത്രിപാഠി ഉജേലയെ പരിശോധിക്കുന്ന തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ

വിമാനത്തിൽ എ.‌ഡി.ജി.പിയുടെ

ജീവൻ രക്ഷിച്ച് തെലങ്കാന ഗവർണർ

അമരാവതി: 'ഗവർണർ തക്ക സമയത്ത് ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ, എന്റെ ജീവൻ നഷ്ടമാകുമായിരുന്നു.'- ഹൈദരാബാദിലെ ആശുപത്രിയിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരിക്കുന്ന ആന്ധ്രാപ്രദേശ് അഡിഷണൽ ഡി.ജി.പി കൃപാനന്ദ് ത്രിപാഠി ഉജേലയുടെ വാക്കുകളിൽ അളവറ്റ നന്ദിയുടെ നിറവ്. വെള്ളിയാഴ്ച അർദ്ധരാത്രി ഇൻഡിഗോ എയർലൈൻസിൽ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജന്റെ സമയോചിത ഇടപെടലാണ് 1994 ഐ.പി.എസ് ബാച്ച് ഉദ്യോഗസ്ഥനായ ഉജേലയുടെ ജീവൻ രക്ഷിച്ചത്.

ഡൽഹിയിൽ നിന്ന് ഹൈദരാബാദിലേക്ക് പറക്കുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. സഹയാത്രികയും പ്രൊഫഷണൽ ഡോക്ടറുമായ ഗവർണർ തമിഴിസൈ ഉടൻ സ്റ്റെതസ്കോപ്പെടുത്ത് ഉജേലയ്ക്ക് അരികിലെത്തി . 'അമ്മയെപ്പോലെയാണ് മാഡം ഗവർണർ എന്റെ ജീവൻ രക്ഷിച്ചത്. മുന്നോട്ട് വളച്ചിരുത്തി റിലാക്സ് ചെയ്യാൻ പറഞ്ഞതോടെ ശ്വാസോച്ഛ്വാസം സാധാരണഗതിയിലായി. '- ഉജേല പറഞ്ഞു. ഗവർണറുടെ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധിപേർ രംഗത്തെത്തി.

45 ലക്ഷം സുരക്ഷിതമായി ഏല്പിച്ച് പൊലീസുകാരൻ

റായ്‌പൂർ: ചത്തീസ്ഗഢിൽ സത്യസന്ധതയുടെ പര്യായമായിരിക്കുകയാണ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ നീലാംബർ സിൻഹ. ശനിയാഴ്ച രാവിലെ മാന പൊലീസ് സ്റ്റേഷൻ പരിധിയിലെ നവ റായ്‌പൂരിലെ റോഡരികിൽ കിടന്ന ബാഗ് തുറന്നപ്പോൾ നീലാംബർ ഞെട്ടി. 2000ത്തിന്റെയും 500ന്റേയും നോട്ടുകെട്ടുകൾ. എണ്ണിനോക്കിയപ്പോൾ 45 ലക്ഷം രൂപ! പിന്നൊന്നും ആലോചിച്ചില്ല,​ നീലാംബർ സിവിൽ ലൈൻ പൊലീസ് സ്റ്റേഷനിലെത്തി ബാഗ് കൈമാറി. ഉദ്യോഗസ്ഥർ ഒന്നടങ്കം നീലാംബറിനെ അഭിനന്ദിച്ചു. സത്യസന്ധതയ്ക്ക് പാരിതോഷികവും പ്രഖ്യാപിച്ചു. പണമടങ്ങിയ ബാഗ് ആരുടേതെന്ന് കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയതായി അഡിഷണൽ സൂപ്രണ്ട് സുഖാനന്ദ് രാത്തോർ അറിയിച്ചു.