
ന്യൂഡൽഹി:കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയുടെ 18കാരിയായ മകൾക്കെതിരായ ഗോവയിലെ അനധികൃത ബാർ നടത്തിപ്പ് വിവാദത്തിൽ മൂന്ന് കോൺഗ്രസ് നേതാക്കൾക്കെതിരെ വക്കീൽ നോട്ടീസയച്ചു.
ജയറാം രമേശ്, നെട്ട ഡിസൂസ, പവൻ ഖേര എന്നിവർക്കെതിരെയാണ് നോട്ടീസ്. പൊതു സമൂഹത്തിൽ തന്നെയും മകളെയും അവഹേളിക്കാനുള്ള ശ്രമമാണ് വ്യാജ ആരോപണത്തിന് പിന്നിലെന്നും ഗോവയിൽ മകളുടെ ഉടമസ്ഥതയിൽ അങ്ങനെയൊരു ബാറില്ലെന്നും നോട്ടീസിൽ പറയുന്നു.
കോൺഗ്രസ് നേതാക്കൾ പരസ്യമായി തന്റെ മകളെ വ്യക്തിഹത്യ ചെയ്യുന്നുവെന്നും തെളിവുകൾ ഉണ്ടെങ്കിൽ ഹാജരാക്കാനും സ്മൃതി ഇറാനി വെല്ലുവിളിച്ചിരുന്നു. തുടർന്ന് യൂത്ത് കോൺഗ്രസ് നേതാവ് ബി.വി ശ്രീനിവാസ് ബാറിന്റെ ഉടമസ്ഥാവകാശം വ്യക്തമാക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരുന്നു. ശനിയാഴ്ച നടന്ന വാർത്താ സമ്മേളനത്തിലാണ് സ്മൃതി ഇറാനിയുടെ മകൾ സോയ ഇറാനിക്കെതിരെ അനധികൃത ബാർ ലൈസൻസ് ആരോപണം കോൺഗ്രസ് ഉന്നയിച്ചത്. ഇതിനെ സ്മൃതി ശക്തമായി പ്രതിരോധിച്ചെങ്കിലും തെളിവുകൾ സോഷ്യൽ മീഡിയ വഴി കോൺഗ്രസ് പുറത്ത് വിട്ടതാണ് സ്‌മൃതിയെ ചൊടിപ്പിച്ചത്.