megalaya-brothel

ഗുവാഹത്തി: മേഘാലയയിൽ റിസോർട്ടിൽ കുട്ടികൾ ഉൾപ്പെടെയുള്ളവരെ ഉപയോഗിച്ച് വേശ്യാവൃത്തി നടത്തിയതിന് ബി.ജെ.പി സംസ്ഥാന ‌വൈസ് പ്രസിഡന്റ് ബെർണാഡ് എൻ. മാരാക് ഏലിയാസ് റിംപുവിനെതിരെ കേസെടുത്തു. പോക്സോ കേസുമായി ബന്ധപ്പെട്ട് റിംപുവിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി നടത്തിയ പരിശോധനയിൽ 6 കുട്ടികളെ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി. പേടിച്ചരണ്ട നിലയിലായിരുന്നു കുട്ടികളെന്നും പരിശോധനയിൽ ലൈംഗിക ചൂഷണത്തിനിരയായതായി വ്യക്തമായെന്നും പൊലീസ് പറഞ്ഞു. റിസോർട്ടിൽ വേശ്യാലയം പ്രവർത്തിക്കുന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് 73 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. റിംപുവിനെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് ഭയന്ന് ഒളിവിലാണ്.

എന്നാൽ മേഘാലയ മുഖ്യമന്ത്രി കൊൺറാഡ് സാഗ്മ രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്നും തെറ്രായ ഒരു പ്രവർത്തിയും റിസോർട്ടിൽ നടക്കുന്നില്ലെന്നും പഠനത്തിന് സ്പോൺസർ ചെയ്യുന്ന കുട്ടികളാണ് അവിടെ ഉണ്ടായിരുന്നതെന്നും റിംപു പറഞ്ഞു. സെർച്ച് വാറണ്ട് ഇല്ലാതെയാണ് റെയ്‌‌ഡ് നടന്നത്. മുഖ്യമന്ത്രി പദവി ദുരുപയോഗം ചെയ്യുകയാണെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും റിംപു വ്യക്തമാക്കി. കൗമാരക്കാരിയായ മകളെ കാണാനില്ലെന്ന് കാട്ടി അമ്മ നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണമാണ് റിംപുവിന്റെ റിസോർട്ട് റെയ്ഡ് ചെയ്യുന്നതിലെത്തിച്ചത്.