
അമ്റേലി: ഗുജറാത്തിലെ അമ്റേലി ജില്ലയിൽ പതിനെട്ടുകാരനായ ഫാം തൊഴിലാളിയെ കടിച്ചു കൊന്ന ഏഷ്യാട്ടിക് സിംഹത്തെ മയക്കുവെടി വച്ച് വനം വകുപ്പ് പിടികൂടി. എട്ട് വയസ് കണക്കാക്കുന്ന നരഭോജി സിംഹത്തെ ധാരിയിലെ റെസ്ക്യൂ സെന്ററിലെത്തിച്ചു. ശനിയാഴ്ച വൈകിട്ടാണ് തുൾസിശ്യാം ഫോറസ്റ്റ് റെയ്ഞ്ച് മേഖലയിൽ വച്ച് ഭയ്ദേശ് പായർ എന്ന യുവാവിനെ സിംഹം ആക്രമിക്കുന്നത്. യുവാവിനെ കാണാതായതിനെ തുടർന്ന് പ്രദേശവാസികൾ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഇരുകൂട്ടരും സംഘം ചേർന്ന് നടത്തിയ തെരച്ചിലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച പുലർച്ചെയാണ് സിംഹത്തെ പിടികൂടിയത്. ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയിലാണ് ഏഷ്യാട്ടിക് സിംഹങ്ങൾ കൂടുതലായി ഉള്ളത്.