
ന്യൂഡൽഹി: മഹാരാഷ്ട്രയിലെ പൂനെയിൽ ബാരാമതി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന സ്വകാര്യ ഏവിയേഷൻ സ്കൂളിന്റെ വിമാനം നിയന്ത്രണം വിട്ട് പാടത്ത് തകർന്നു വീണു. വനിതാ ട്രെയിനി പൈലറ്റ് നിസാര പരിക്കുകളോടെ രക്ഷപെട്ടു. പുനെയിലെ കദ്ബൻവാഡിയിൽ തിങ്കളാഴ്ച രാവിലെ 11.20 ഓടെയാണ് കാർവർ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് സെസ്ന 152 എയർക്രാഫ്റ്റ് വി.ടി.എൽ.ഐ വിമാനം അപകടത്തിൽപ്പെട്ടത്. 3,200 അടി ഉയരത്തിൽ പറക്കുകയായിരുന്ന വിമാനം പെട്ടെന്ന് നിയന്ത്രണം വിട്ട് പാടത്തേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. പ്രദേശവാസികളെത്തി പൈലറ്റ് ഭവിക റാത്തോഡിനെ (22) പുറത്തെടുത്തു. ഇവരെ ഷെൽഗൗണിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശീലന സമയത്ത് ഭവിക മാത്രമേ വിമാനത്തിലുണ്ടായിരുള്ളൂ.
സംഭവത്തിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം ആരംഭിച്ചു.
2019 ഫെബ്രുവരിയിൽ കാർവെർ ഏവിയേഷന്റെ സെസ്ന 172 സ്കൈഹാക്ക് എന്ന പരിശീലന വിമാനം ഇന്ദാപൂരിനു സമീപം തകർന്ന് വീണ് പൈലറ്റിന് പരിക്കേറ്റിരുന്നു.