paramjeeth-singh

ന്യൂഡൽഹി: ചാരത്തിൽ നിന്ന് പറന്നുയർന്ന ഫീനിക്സ് പക്ഷിയെപ്പോലെയാണ് പരംജീത്ത്സിംഗിന്റെ ജീവിതം. ചിറകറ്റു പോയ ജീവിതത്തെ മനോധൈര്യം കൊണ്ട് തുന്നിച്ചേർത്ത് സ്വപ്നങ്ങൾക്ക് ചിറകുവിരിച്ച് ഓട്ടോയിൽ പറക്കുകയാണ് അദ്ദേഹം. ഒരു കാലത്ത് 'രസ്‌ന' കമ്പനിയുടെ ഏക വിതരണക്കാരനായ പരംജീത്ത്സിംഗിനെ 1984ലെ കലാപം ടാക്സി ഡ്രൈവറാക്കി മാറ്റി. ആറ് വർഷങ്ങൾക്ക് ശേഷം വാഹനാപകടത്തിന്റെ രൂപത്തിൽ വീണ്ടും വിധി അയാളെ പരീക്ഷിച്ചെങ്കിലും അദ്ദേഹം തോറ്റില്ല. പൂർവാധികം ശക്തിയോടെ ജീവിതം തിരിച്ചു പിടിച്ചു. ഇന്ന് പരംജീത്ത്സിംഗ് ജനങ്ങൾക്കിടയിൽ സൂപ്പർ ഹീറോയാണ്. ട്വിറ്ററിലൂടെ തന്റെ സ്റ്റാർട്ട് അപ്പ് ഹീറോയെ പരിചയപ്പെടുത്തിയതാകട്ടെ പ്രമുഖ വ്യവസായിയും മഹീന്ദ്ര കമ്പനിയുടെ ചെയർമാനുമായ ആനന്ദ് മഹീന്ദ്രയും.
ഡൽഹിയിലും പരിസരത്തും രസ്‌ന ബ്രാൻഡിന്റെ ഏക

വിതരണക്കാരനായിരുന്നു പരംജീത്. ലജ്പത്‌നഗറിൽ സ്വന്തമായി ഒരു ഗോഡൗണുമുണ്ടായിരുന്നു. 1984 ൽ നടന്ന കലാപത്തിൽ ബിസിനസും ഡീലർഷിപ്പും അദ്ദേഹത്തിനു നഷ്ടമായി. ജീവിതം തിരിച്ചുപിടിക്കാനുള്ള വാശിയായിരുന്നു പിന്നീടങ്ങോട്ട്. തുടർന്ന് ടാക്സി ഡ്രൈവറായി. 6വർഷങ്ങൾക്ക് ശേഷമുണ്ടായ വാഹനാപകടത്തിൽ ദിവസങ്ങളോളം മരണക്കിടക്കയിലായി. ഇതിൽതന്നെ 13 ദിവസം കോമയിലായിരുന്നു.കാൽമുട്ടിനും വാരിയെല്ലിനും സാരമായി ക്ഷതമേറ്റ അദ്ദേഹം ആത്മധൈര്യത്താൽ വീണ്ടും ജീവിതത്തിലേക്ക് മടങ്ങിവന്നു. എന്നാൽ വിധിയുടെ അടുത്ത പരീക്ഷണം പക്ഷാഘാതമായെത്തി.

ആശുപത്രി കിടക്കയിൽ നിന്ന് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ അദ്ദേഹം ഉയർത്തെഴുന്നേറ്റു. ഇന്ന് സ്വന്തം ഓട്ടോയുടെ സാരഥിയായി ജീവിതം പറപ്പിച്ചു വിടുകയാണ് പരംജീത്ത് സിംഗ്.

അതിജീവനത്തിന്റെ പര്യായമായ സിംഗ് ഇതിനോടകം ഒരുപാട് പേർക്ക് പ്രചോദനമായി മാറിയിരിക്കയാണ്.