
നാഗ്പൂർ: രാഷ്ട്രീയം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് പലപ്പോഴും ചിന്തിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. രാഷ്ട്രീയത്തിനപ്പുറം ജീവിതമുണ്ട്. സാമൂഹിക മാറ്റമാണ് രാഷ്ട്രീയത്തിലൂടെ നടപ്പിലാക്കേണ്ടത്. എന്നാലിന്ന് അധികാരവും പദവിയുമാണ് എല്ലാവർക്കും ആവശ്യം.നൂറ് ശതമാനവും അധികാരത്തിലധിഷ്ഠിതമായ രാഷ്ട്രീയമാണ് ഇന്ന് നിലനിൽക്കുന്നത്. സാമൂഹിക-രാഷ്ട്രീയ പരിഷ്കരണത്തിനുള്ള ഏറ്റവും വലിയ ആയുധമാണ് രാഷ്ട്രീയം. അതിൽ പ്രവർത്തിക്കുന്നവർ വിദ്യാഭ്യാസം, സാംസ്കാരികം എന്നിങ്ങനെ സാമൂഹിക വികസനത്തിനായി പ്രവർത്തിക്കണം.ഒരു രാജ്യത്തിന്റെയും ജനങ്ങളുടെയും പുരോഗതിയാണോ അതോ ഒരു സർക്കാരിൽ മാത്രം ചുരുങ്ങുന്നതാണോ രാഷ്ട്രീയമെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവും മുൻ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവുമായ ഗിരീഷ് ഗാന്ധിയെ മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.