mamata-banerjee

ന്യൂഡൽഹി: അഴിമതിക്കേസിൽ ബംഗാൾ വ്യവസായ വകുപ്പ് മന്ത്രി പാർത്ഥ ചാറ്റർജി അറസ്റ്റിലായ സംഭവത്തിൽ മൗനം വെടിഞ്ഞ മുഖ്യമന്ത്രി മമതാ ബാനർജി, താൻ അഴിമതിക്കാരെയോ തെററായ പ്രവർത്തനങ്ങളെയോ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കി.

'കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് തന്റെ പാർട്ടിയെ തകർക്കാമെന്ന ബി.ജെ.പി അജണ്ട വിലപോകില്ല. കുറ്രം ചെയ്തെന്ന് കണ്ടെത്തുന്നവർ ശിക്ഷിക്കപ്പെടണം. എനിക്കെതിരായ ദുരുദ്ദേശ്യപരമായ പ്രചാരണങ്ങൾ തള്ളിക്കളയുന്നു. എത്രയും പെട്ടെന്ന് സത്യം പുറത്തുവരണം.' - മമതാബാനർജി പറഞ്ഞു.

സ്കൂൾ അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ അറസ്റ്റിലായ മന്ത്രി പാർത്ഥ ചാറ്റർജി മൂന്നു തവണ മമതയെ വിളിച്ചിരുന്നതായും എന്നാൽ ഫോൺ എടുത്തിരുന്നില്ലെന്നുമുള്ള റിപ്പോർട്ടുകൾ തൃണമൂൽ കോൺഗ്രസ് തളളി. ഇ.ഡിയുടെ കൈവശമാണ് പാർത്ഥയുടെ ഫോണെന്നും പിന്നെങ്ങനെയാണ് മമതയെ വിളിക്കുന്നതെന്നും തൃണമൂൽ വക്താക്കൾ ചോദിച്ചു.

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കൊൽക്കത്തയിലെ സർക്കാർ ഉടമസ്ഥതയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച പാർത്ഥ, ആരോഗ്യവാനാണെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതില്ലെന്നുമുള്ള എയിംസ് അധികൃതരുടെ റിപ്പോർട്ട് ഇ.ഡി കോടതിയിൽ ഹാജരാക്കി. പാർത്ഥയെ 14 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു നൽകണമെന്നും ആവശ്യപ്പെട്ടു.

ഇന്നലെ പാർത്ഥയെ എയിംസിലേക്ക് മാറ്റണമെന്ന് കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് എയർ ആംബുലൻസിൽ അദ്ദേഹത്തെ ഒഡിഷയിലെ ഭുവനേശ്വരിലെത്തിച്ചെങ്കിലും ആശുപത്രി വാസം ആവശ്യമില്ലെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു.