bhoge

ബ്രിട്ടീഷുകാർക്കെതിരെ പോരാടി അറുപതാംവയസിൽ രക്തസാക്ഷിത്വം വരിച്ച വനിത. 1885ൽ ആസാമിലെ നാഗോൺ ജില്ലയിൽ ജനിച്ചു. എട്ട് കുട്ടികളുടെ അമ്മയായിരുന്ന അവർ ക്വിറ്റ് ഇന്ത്യ സമരത്തിൽ പ്രധാന പങ്കുവഹിച്ചു. ആസാമിലെ നാഗോൺ ജില്ലയിലെ ബെർഹാംപൂർ, ബാബാജിയ, ബർബുജി പ്രദേശങ്ങളിൽ നടന്ന സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഓഫീസുകൾ സ്ഥാപിക്കാൻ സഹായിയായി. 1930ൽ ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള മാർച്ചിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു.

1942ൽ ബ്രിട്ടീഷുക്കാർ കൈയേറിയ ബെർഹാംപൂർ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഓഫീസ് ഫുക്കാനാനിയുടെ നേതൃത്വത്തിൽ തിരിച്ചുപിടിച്ചു. സ്വാതന്ത്ര്യസമര സേനാനിയായ രത്നമാലയ്ക്കൊപ്പം ഗ്രാമീണരെ അണിച്ചേ‌ർത്തുകൊണ്ട് 1942 സെപ്തംബർ 18ന് കോൺഗ്രസ് ഓഫീസ് അടച്ചുപൂട്ടാനെത്തിയ ബ്രിട്ടീഷ് സൈന്യത്തിനെതിരെ പോരാടി.

രത്നമാലയിൽ നിന്ന് ദേശീയപതാക പിടിച്ചെടുക്കാൻ ശ്രമിച്ച ബ്രിട്ടീഷ് ക്യാപ്റ്റൻ ഫിനീഷിനെ ഫുകാനാനി അടിച്ചു വീഴ്ത്തി. നിലത്തുവീണ ബ്രിട്ടീഷ് ക്യാപ്റ്റൻ ഫുകാനാനിയ്ക്കു നേരെ നിറയൊഴിച്ചു. പരിക്കേറ്ര അവർ സെപ്റ്റംബർ 20ന് മരണത്തിനു കീഴടങ്ങി.

ബ്രിട്ടീഷുകാർക്കെതിരെ സധൈര്യം പോരാടി മരണം വരിച്ചതിന്റെ സ്മരണാ‌ർത്ഥം 1854ൽ അസമിലെ നാഗോണിൽ അമേരിക്കൻ ബാപ്റ്റിസ്റ്റ് മിഷനറി സ്ഥാപിച്ച ആശുപത്രി സ്വാതന്ത്യാനന്തരം ഭോഗേശ്വരി ഫുകാനാനി സിവിൽ ഹോസ്പിറ്റൽ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. ഗുവാഹത്തിയിലെ ഇൻഡോർ സ്റ്റേഡിയവും ഭോഗേശ്വരി ഫുകാനാനിയുടെ പേരിലാണ് അറിയപ്പെടുന്നത്.