
മുംബയ്: മാഗസിൻ ഫോട്ടോഷൂട്ടിനായി എടുത്ത നഗ്നചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ച ബോളിവുഡ് നടൻ രൺവീർ സിംഗിനെതിരെ മുംബയ് പൊലീസ് കേസെടുത്തു. രൺവീറിന്റെ ഫോട്ടോഷൂട്ട് സ്ത്രീകളുടെയും കുട്ടികളുടെയും വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ശ്യാം മൻഗരം ഫൗണ്ടേഷൻ എന്ന എൻ.ജി.ഒ ആണ് ചെമ്പൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
സോഷ്യൽ മീഡിയ വഴി രൺവീർ പങ്കുവച്ച ചിത്രങ്ങൾ കുട്ടികളിൽ തെറ്റായ മെസേജാണ് എത്തിക്കുകയെന്ന് പരാതിക്കാരുടെ അഭിഭാഷകൻ അഖിലേഷ് ചൗബേ കോടതിയിൽ വാദിച്ചു. പരാതി ലഭിച്ചയുടൻ നടപടിയെടുത്ത മുംബയ് പൊലീസിന് നന്ദിയുണ്ടെന്നും ഉടൻ അറസ്റ്ര് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഐ.ടി ആക്ട്, ഐ.പി.സി നിയമങ്ങൾ പ്രകാരം കേസെടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. നേരത്തെ ഒരു വനിതാ അഭിഭാഷകയും രൺവീറിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. പേപ്പർ എന്ന മാഗസിനിനായി എടുത്ത ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇൻസ്റ്രഗ്രാമിലും ട്വിറ്ററിലും നടൻ പങ്കുവച്ചത്. മണിക്കൂറുകൾക്കകം ചിത്രങ്ങൾ വൈറൽ ആകുകയായിരുന്നു. എന്നാൽ രൺവീറിനെ പിന്തുണച്ച് ആലിയ ഭട്ട്, അർജുൻ കപൂർ, സ്വര ഭാസ്ക്കർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. രൺവീറിന്റേത് അസാധാരണ ധൈര്യമുള്ളവർ മാത്രമെടുക്കുന്ന തീരുമാനമാണെന്ന് താരങ്ങൾ പ്രതികരിച്ചു. എന്നാൽ, ഒരു സ്ത്രീയാണ് ഇത്തരത്തിൽ ഫോട്ടോഷൂട്ട് നടത്തിയിരുന്നെങ്കിൽ എന്തായിരിക്കും സമൂഹത്തിന്റെ പ്രതികരണമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാളി നടിയുമായ മിമി ചക്രവർത്തി ചോദ്യമുയർത്തി. പുരുഷ സൗന്ദര്യത്തിന്റെ മഹാചിത്രമെന്ന് പറഞ്ഞാണ് വിവാദ നോവലിസ്റ്റ് തസ്ളീമ നസ്റിൻ ചിത്രം ട്വിറ്രറിൽ ഷെയർ ചെയ്ത്ത്. നിരവധി ട്രോളുകളാണ് വിവാദ ഫോട്ടോഷൂട്ട് ചിത്രവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. എന്നാൽ, തന്റെ ഫോട്ടോഷൂട്ടിനെക്കുറിച്ച് രൺവീറിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. 'തനിക്ക് ശാരീരികമായി നഗ്നനാകുന്നത് വളരെ എളുപ്പമാണ്. തനിക്ക് ആയിരം ആളുകൾക്ക് മുന്നിൽ നഗ്നനാകാൻ കഴിയും. അത് അവർക്ക് അസ്വസ്ഥതയുണ്ടാകുന്നുവെന്ന് മാത്രം."