satheesan

തിരുവനന്തപുരം: കരാറുകാർ നാടിന്റെ ശത്രുക്കളല്ല നികുതിദായകരാണെന്നും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് സർക്കാരാണെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. വില വ്യതിയാന വ്യവസ്ഥ കരാറുകളിൽ ഉൾപ്പെടുത്തുക, ഡി.എസ്.ആർ 2021 നടപ്പാക്കുക,​ 5 ലക്ഷം രൂപ വരെയുളള നിർമ്മാണ പ്രവർത്തികൾ ഇ ടെൻഡറിൽ നിന്ന് ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ കരാറുകാരുടെ ഏകോപന സമിതി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആൾ കേരള ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മോൻസ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷനായി. എം.വിൻസന്റ് എം.എൽ.എ, എ.കെ.ജി.സി.എ ജനറൽ സെക്രട്ടറി സണ്ണി ചെന്നിക്കര, വർക്കിംഗ് പ്രസിഡന്റ് എം.കെ.ഷാജഹാൻ, കെ.ജി.സി.എഫ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.ജെ. വർഗീസ്, സെക്രട്ടറി പി.വി. കൃഷ്ണൻ, ബിൽഡേഴ്‌സ് അസോസിയേഷൻ ചെയർമാൻ നജീവ് മണ്ണേൽ, കെ.ജി.സി.എ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പളളി, ഏകോപന സമിതി നേതാക്കളായ പോൾ മാത്യു, ജോജി ജോസഫ്, ജി.തൃദീപ്, ആർ.രാധാകൃഷ്ണൻ നായർ, എസ്. ഹരികുമാർ, എ. മനാഫ് തുടങ്ങിയവർ പങ്കെടുത്തു. പാളയം രക്തസാക്ഷി മണ്ഡപത്തിലെ 24 മണിക്കൂർ നിരാഹാര സത്യഗ്രഹം എം.എൽ.എമാരായ മോൻസ് ജോസഫ്, പി.ടി.എ. റഹീം, മുൻ എം.എൽ.എമാരായ പാലോട് രവി, വി.കെ.സി. മമ്മദ് കോയ എന്നിവർ ചേർന്ന് നാരങ്ങാനീര് നൽകി അവസാനിപ്പിച്ചു. തുടർന്നായിരുന്നു കരാറുകാരുടെ സെക്രട്ടേറിയറ്റ് മാർച്ച്.