
നഗരസഭ അനുവദിച്ച 2 കോടി ജലരേഖയായി
തിരുവനന്തപുരം: നിരവധിപ്പേർ ദിവസവുമെത്തുന്ന തിരുമല ചന്തയ്‌ക്ക് ആധുനിക സജ്ജീകരണമൊരുക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ജലരേഖയായി. തിരുമല ജംഗ്ഷനിലെ ഷോപ്പിംഗ് കോംപ്ലക്‌സിലാണ് 22 വർഷത്തോളമായി ചന്ത പ്രവർത്തിച്ചിരുന്നത്. എന്നാൽ വികസനത്തിന്റെ ഭാഗമായി വ്യാപാരസ്ഥാപനങ്ങൾ വന്നതോടെ സ്ഥലം ഒഴിഞ്ഞുകൊടുക്കേണ്ടിവന്നു. നിലവിൽ സ്വകാര്യ വ്യക്തിയുടെ 14 സെന്റിലാണ് ചന്ത പ്രവർത്തിക്കുന്നത്. സ്ഥലം ഏറ്റെടുക്കാനും കച്ചവടക്കാരെ പുനഃരധിവസിപ്പിക്കാനും നഗരസഭയ്‌ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഏഴ് നഗരസഭാ വാർഡുകളിലെ ജനങ്ങൾ ആശ്രയിക്കുന്ന ചന്തയിലെ കച്ചവടം കൊവിഡ് കാലം കഴിഞ്ഞതു മുതൽ അരയല്ലൂർ, മങ്കാട്ടുകടവ്, പുത്തൻകട ജംഗ്ഷൻ എന്നിവിടങ്ങളിലെ തെരുവോരങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. ഇത് ഗതാഗതതടസം സൃഷ്ടിക്കുന്നുണ്ട്. ചന്തയിലെ മാലിന്യ സംസ്കരണം കൃത്യമായി നടക്കാത്തതിനാൽ തെരുവുനായ്ക്കളുടെ എണ്ണം വർദ്ധിക്കുകയാണ്. സ്വകാര്യവ്യക്തിക്ക് പണം നൽകി നിലവിലെ സ്ഥലം നഗരസഭ ഏറ്റെടുക്കണമെന്ന വ്യാപാരി വ്യവസായി സംഘടനകളുടെ ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. കഴിഞ്ഞ കൗൺസിൽ കാലയളവിൽ വസ്തു ഏറ്റെടുക്കാൻ ആവശ്യപ്പെട്ട് പ്രമേയം പാസാക്കുകയും രണ്ടുകോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. നഗരസഭ സ്ഥലം ഏറ്റെടുത്താൽ ആധുനിക സജ്ജീകരണങ്ങളുള്ള ഒരു ചന്ത തിരുമലയിൽ ഉണ്ടാകുമെന്ന് കൗൺസിലർ തിരുമല അനിൽകുമാർ പറഞ്ഞു.