loan-app-scam

മുബൈ: ചൈനീസ് ബന്ധമുള്ള സംഘം നടത്തിയ ലോൺ ആപ്പ് തട്ടിപ്പിലൂടെ ഇന്ത്യക്കാരിൽ നിന്ന് തട്ടിയെടുത്ത് 300 മുതൽ 350 കോടിയോളം രൂപ. തട്ടിപ്പ് നടത്തിയ 14 പേരെ പൊലീസ് അറസ്റ്റു ചെയ്തു. ആന്ധ്രാപ്രദേശിലെ കുർണൂലിൽ നിന്നാണ് ആദ്യ പ്രതിയായ സുധാകർ റെ‌‌‌ഡ്ഡിയെ (25) അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് ബംഗളൂരു, ഗുഡ്ഗാവ്, മലാഡ്, നൈനിറ്രാൾ, കാൻഗ്പോക്പി (മണിപ്പൂർ) എന്നിവിടങ്ങളിൽ നിന്ന് മറ്റ് 13 പ്രതികളെയും അറസ്റ്ര് ചെയ്തു.

തട്ടിപ്പുസംഘം പ്രധാനമായും പ്രവ‌ർത്തിച്ചിരുന്ന ബംഗളൂരുവിൽ നിന്നാണ് കൂടുതലും അറസ്റ്ര് നടന്നത്. വ്യാജ സിം കാർഡുകളും ബാങ്ക് അക്കൗണ്ടുകളും ഉപയോഗിച്ചായിരുന്നു തട്ടിപ്പുസംഘത്തിന്റെ പ്രവർത്തനം. വിദേശത്തുള്ളവർക്ക് വിവരങ്ങൾ ചൈനീസ് ഭാഷയിലേക്ക് മൊഴിമാറ്രം ചെയ്തു കൊടുത്ത പ്രിയാൻഷി കാൻഡ്പാൽ (24) എന്ന യുവതിയെയും അറസ്റ്റ് ചെയ്തു. കണ്ടുപിടിക്കപ്പെടാൻ സാദ്ധ്യത ഇല്ലാത്ത, ഒൗട്ട് ഗോയിംഗ് കാളുകൾ മാത്രം ചെയ്യാൻ കഴിയുന്ന എൻ.എക്സ് ക്ളൗഡ് ടെലി ഉപയോഗിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. വിദേശ കേന്ദ്രങ്ങളുമായി സംസാരിക്കാൻ ഡിംഗ് ടോക്ക്, ടെലിഗ്രാം, വാട്ട്സ്ആപ്പ് എന്നിവയും ഉപയോഗിച്ചിരുന്നു.

രാജ്യത്ത് ആയിരക്കണക്കിനാളുകളാണ് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ലോൺ ആപ്പുകൾക്ക് ഇരയായത്. കഴിഞ്ഞ വർഷം തന്നെ ഇത്തരം തട്ടിപ്പുകൾ തടയാൻ പുതിയ മാർഗനിർദ്ദേശങ്ങൾ റിസർവ് ബാങ്ക് പുറത്തിറക്കിയിരുന്നു. പണം വിനിമയം ചെയ്തത് ക്രിപ്റ്റോ കറൻസി വഴിയാണെന്ന് പൊലീസ് സംശയിക്കുന്നു. തട്ടിപ്പ് പുറത്തുകൊണ്ടുവന്നത് മുംബയ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ്.
ഈ വർഷം മേയ് നാലാം തീയതി സെയിൽസ്മാനായ സന്ദീപ് കോർഗാവ്കർ (38) ആത്മഹത്യ ചെയ്തതോടെയാണ് തട്ടിപ്പ് കൂടുതൽ ചർച്ചയായത്. ലോണെടുത്ത പണം തിരിച്ചടക്കാനുള്ള ഏജന്റുമാരുടെ നിരന്തരമായ ഭീഷണികൾക്കൊപ്പം സന്ദീപിന്റെ മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ അയൽക്കാർക്കും സഹപ്രവർത്തകർക്കും അയച്ചുകൊടുത്തതാണ് ആത്മഹത്യക്ക് കാരണമായത്. ജീവനൊടുക്കുന്നതിന് മുമ്പ് സന്ദീപ് കുമാർ പൊലീസിൽ പരാതി നൽകിയിരുന്നു. മരണശേഷമാണ് സൈബർ പൊലീസ് ലോൺ ആപ്പ് തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാനാരംഭിക്കുന്നത്. ഏതാണ്ട് 3.85 ലക്ഷത്തോലം രൂപ പത്തോളം ആപ്പുകളിൽ നിന്നായി കടമെടുത്ത് 15 ലക്ഷം രൂപ നഷ്ടപ്പെട്ടതാണ് മറ്രൊരു കേസ്.