ss

കോളേജ് വിദ്യാഭ്യാസം ഉപേക്ഷിച്ച് ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്ത വീരനായിക. സ്വാതന്ത്ര്യസമരകാലത്തെ ഗാന്ധിജിയുടെ അനുയായി. വിദേശ ഉത്പന്നങ്ങളുടെ ബഹിഷ്കരണത്തിന് നേതൃത്വം നൽകി. 1930 മുതൽ പലപ്പോഴായി ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ജയിൽവാസം അനുഭവിച്ചു.

1911 മേയ് ആറിന് ഗുജറാത്തിലെ അഹമ്മദാബാദിൽ പ്രശസ്തമായ സാരാഭായ് കുടുംബത്തിൽ ജനനം. ശാസ്ത്രജ്ഞൻ വിക്രം സാരാഭായ് സഹോദരനാണ്. പത്താംവയസിൽ കുട്ടികളുടെ ദേശീയപ്രസ്ഥാനമെന്ന നിലയ്ക്ക് ഇന്ദിരാഗാന്ധി തുടങ്ങിയ വാനർസേനയിലെ അംഗം. സത്യഗ്രഹികൾക്കായി സന്ദേശങ്ങളും ഭക്ഷണവുമെത്തിക്കാൻ പ്രവർത്തിച്ച മൃദുല വിദേശോത്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ഗാന്ധിജിയുടെ ആഹ്വാനമേറ്റെടുത്ത് വിദേശ വിദ്യാഭ്യാസം വേണ്ടെന്നുവച്ചു. അഹമ്മദാബാദിൽ ആരംഭിച്ച വിദേശവസ്ത്ര ബഹിഷ്കരണ അസോസിയേഷന്റെ സെക്രട്ടറിയായിരുന്നു. സബർമതി ആശ്രമത്തിലെ സ്ത്രീസത്യഗ്രഹികൾക്ക് പരിശീലനം നൽകി. പ്രധാന നഗരങ്ങളിൽ ബ്രിട്ടീഷ്‌വിരുദ്ധ യോഗങ്ങൾ നടത്തുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു. സ്ത്രീകൾ ഉൾപ്പെടുന്ന വലിയൊരു വിഭാഗത്തെ അണിനിരത്തി വിദേശവസ്ത്രങ്ങളും മദ്യവും വില്ക്കുന്ന കടകൾക്കു മുന്നിൽ പ്രതിഷേധിക്കുകയും അവ വാങ്ങുന്നതിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കുകയും ചെയ്തു. കോൺഗ്രസ് പാർട്ടി ജനറൽ സെക്രട്ടറി, വർക്കിങ് കമ്മിറ്റിയംഗം തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിരുന്ന അവർ നവ്ഖാലി കലാപ സമയത്ത് അവയെല്ലാം വേണ്ടെന്നുവച്ച് ഗാന്ധിയോടൊപ്പം കലാപഭൂമിയിൽ പ്രവർത്തിച്ചു. വിഭജനകാലത്തെ മൃദുലയുടെ സമാധാനപ്രവർത്തനങ്ങളെ ഇന്ത്യയിലെയും പാകിസ്ഥാനിലെയും നേതാക്കൾ പ്രത്യേകം അഭിനന്ദിച്ചു. 1974 ഒക്ടോബർ ആറിന് 63-ാം വയസിൽ അന്തരിച്ചു. അപർണ ബസു രചിച്ച് ഓക്സ്ഫോർഡ് സർവകലാശാല പ്രസ് പ്രസിദ്ധീകരിച്ച​ മൃദുല സാരാഭായിയുടെ ജീവചരിത്രമാണ് 'മൃദുല സാരാഭായ്: റിബൽ വിത്ത് എ കോസ് '.