
തിരുവനന്തപുരം: കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ആഗസ്റ്റ് ആറ് മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്ന് സാമൂഹിക പ്രവർത്തക ദയാബായി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എഴുത്തുകാരി സാറാ ജോസഫ് ഉദ്ഘാടനം ചെയ്യും. സംസ്ഥാനം കേന്ദ്രത്തിന് നൽകിയ എയിംസ് പ്രൊപ്പോസലിൽ കാസർകോട് ജില്ലയെ ഉൾപ്പെടുത്തുക, ജില്ലയിൽ വിദഗ്ദ്ധ ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുക, മാനസിക വെല്ലുവിളി നേരിടുന്നവർക്കും കിടപ്പുരോഗികൾക്കുമായി ദിനപരിചരണ കേന്ദ്രങ്ങൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. സംഘാടകസമിതി ചെയർമാൻ അമ്പലത്തറ കുഞ്ഞികൃഷ്ണൻ,ഷാജർഖാൻ, കരീം ചൗക്കി, മിസിരിയ ചെങ്കള, സുബൈർ പടുപ്പ്, സ്‌നേഹ കാഞ്ഞങ്ങാട് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.