
കൊൽക്കത്ത: അദ്ധ്യാപക നിയമനക്കോഴക്കേസിൽ അറസ്റ്റിലായ നടിയും പുറത്താക്കപ്പെട്ട മന്ത്രി പാർത്ഥ ചാറ്റർജിയുടെ സഹായിയുമായ അർപ്പിത മുഖർജിയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴുണ്ടായത് നാടകീയരംഗങ്ങൾ. ജോക്കയിലെ ഇ.എസ്.ഐ ആശുപത്രിയിലെത്തിയപ്പോൾ കാറിൽ നിന്നിറങ്ങാൻ വിസമ്മതിച്ച അവർ അലറിക്കരയുകയും ബലം പ്രയോഗിച്ച് ഇറക്കിയപ്പോൾ നിലത്തിരിക്കുകയും ചെയ്തു. പിന്നീട് വീൽചെയറിൽ പിടിച്ചിരുത്തി അകത്തേക്ക് കൊണ്ടുപോകുകയായിരുന്നു. ജൂലായ് 23ന് അറസ്റ്റിലായ ഇരുവരെയും രണ്ടു ദിവസം ഇടവിട്ട് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കണമെന്നാണ് കോടതി ഉത്തരവിനുസരിച്ചാണ് പരിശോധയ്ക്ക് എത്തിച്ചത്.
അതേസമയം, താൻ നിരപരാധിയാണെന്നും ഗൂഢാലോചനയുടെ ഇരയാണെന്നും മുഖ്യപ്രതിയായ പാർത്ഥ ചാറ്റർജി പറഞ്ഞു. ഇന്നലെ ചാറ്റർജിയെ മന്ത്രി സ്ഥാനത്തുനിന്നും തൃണമൂൽ കോൺഗ്രസിന്റെ ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നും അന്വേഷണ വിധേയമായി നീക്കിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് അർപ്പിത മുഖർജിയുടെ കൊൽക്കത്തയിലെ ഫ്ളാറ്റുകളിൽ നടത്തിയ പരിശോധനയിൽ 50 കോടി രൂപയും സ്വർണ്ണാഭരണങ്ങളും ഇ.ഡി പിടിച്ചെടുത്തിരുന്നു. അർപ്പിതയുടെ ഉടമസ്ഥതയിലുള്ള ഒൗഡി എ4, ഹോണ്ട സിറ്റി, ഹോണ്ട സി.ആർ.വി, മെഴ്സിഡസ് ബെൻസ് കാറുകളിൽ പണം നിറച്ചിട്ടുണ്ടെന്നും വാഹനങ്ങൾക്കായി തെരച്ചിൽ നടക്കുകയാണെന്നും ഇ.ഡി വൃത്തങ്ങൾ അറിയിച്ചു. നേരത്തെ ഇവരുടെ അറസ്റ്റിനിടെ പിടിച്ചെടുത്ത വെള്ള മെഴ്സിഡസ് കാറിന് പുറമെയാണിത്. മുഖർജിയുടെ ഉടമസ്ഥതയിലുള്ള ഫ്ളാറ്റുകളുടെ രേഖകൾ ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ബെൽഗാരിയ ഏരിയയിലെ ക്ലബ്ടൗൺ ഹൈറ്റ്സിലെ രണ്ട് ഫ്ളാറ്റുകളും ഇതിൽ ഉൾപ്പെടുന്നു. വ്യാഴാഴ്ച രാവിലെ ഈ ഫ്ളാറ്റുകളിൽ ഒന്നിൽ നടത്തിയ റെയ്ഡിൽ 30 കോടി രൂപയും അഞ്ച് കിലോ സ്വർണ്ണാഭരണങ്ങളും ഇ.ഡി പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച, കൊൽക്കത്തയിലെ ടോളിഗഞ്ചിലുള്ള മുഖർജിയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു ഫ്ളാറ്റിൽ നിന്ന് 21 കോടിയും 2 കോടി രൂപ വിലവരുന്ന സ്വർണക്കട്ടികളും കണ്ടെടുത്തു. ഇതിനെല്ലാം പുറമെ സെക്സ് ടോയ‌്സും റെയ്ഡിൽ പിടിച്ചെടുത്തു. പശ്ചിമ ബംഗാൾ സ്‌കൂൾ സർവീസ് കമ്മിഷന്റെ ശുപാർശ പ്രകാരം സർക്കാർ സ്‌പോൺസർ ചെയ്ത എയ്ഡഡ് സ്‌കൂളുകളിലെ ഗ്രൂപ്പ് സി,ഡി ജീവനക്കാരുടെയും അദ്ധ്യാപകരുടെയും നിയമനത്തിൽ നടന്ന ക്രമക്കേടുകൾ കൊൽക്കത്ത ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം സി.ബി.ഐ അന്വേഷിക്കുകയാണ്. എസ്.എസ്.സി മുഖേനയുള്ള അഴിമതിക്ക് പുറമെ പ്രൈമറി സ്‌കൂൾ അദ്ധ്യാപക നിയമനത്തിലും പാർത്ഥ ചാറ്റർജിയുടെ പങ്കാളിത്തം തെളിയിക്കുന്ന നിരവധി തെളിവുകൾ അദ്ദേഹത്തിന്റെ വീട്ടിൽനിന്ന് കണ്ടെടുത്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചൊവ്വാഴ്ച്ച അറിയിച്ചിരുന്നു. അർപ്പിത മുഖർജി 2008നും 2014നും ഇടയിൽ ബംഗാളി, ഒഡിയ സിനിമകളിൽ സജീവമായിരുന്നു. ബെൽഗോറിയയിലെ ഇടത്തരം കുടുംബത്തിൽ നിന്നുള്ള അവർ കോളേജ് കാലം മുതൽ മോഡലായിരുന്നു.