
ഗാന്ധിനഗർ: ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയിലെ ഗ്രാമത്തിൽ 500 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ 12കാരിയെ സൈന്യവും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി. ധ്രംഗധ്ര തഹസിൽ ഗജൻവാവ് ഗ്രാമത്തിൽ ഇന്നലെ രാവിലെ 7.30 ഓടെയാണ് മനീഷ എന്ന പെൺകുട്ടി കുഴൽക്കിണറിൽ വീണത്.
അഞ്ച് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ ലോക്കൽ പൊലീസിന്റെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് ജവാൻമാർ കുട്ടിയെ രക്ഷിച്ചത്. 500 മുതൽ 700 അടി വരെ താഴ്ചയുള്ള കുഴൽക്കിണറിൽ 60 അടി താഴ്ചയിലാണ് പെൺകുട്ടി കുടുങ്ങിയത്. രക്ഷാപ്രവർത്തനത്തിനിടെ കുട്ടിക്ക് ഓക്സിജൻ നൽകുകയും അകത്തിറക്കിയ കാമറയിലൂടെ കുട്ടിയുടെ അവസ്ഥ നിരീക്ഷിക്കുകയും ചെയ്തു. രക്ഷപ്പെടുത്തിയ ഉടൻ മനീഷയെ ആർമി മെഡിക്കൽ സംഘം ധ്രംഗധ്രയിലെ ഉപജില്ലാ ആശുപത്രിയിൽ എത്തിച്ചു. പുറത്തെടുക്കുമ്പോൾ കുട്ടിയുടെ രക്തത്തിലെ ഓക്സിജൻ ലെവൽ കുറവായിരുന്നു. എന്നാൽ, ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയതോടെ ആരോഗ്യനില തൃപ്തികരമായെന്ന് ധ്രംഗധ്ര പൊലീസ് ഇൻസ്‌പെക്ടർ ടി.ബി. ഹിരാനി പറഞ്ഞു. സംഭവസ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാർ പെൺകുട്ടിയെ രക്ഷിച്ചപ്പോൾ ജയ് ജവാൻ മുദ്രാവാക്യം വിളിച്ചു. സൈന്യവും പോലീസും ചേർന്നാണ് ഓപ്പറേഷൻ വിജയകരമായി നടത്തിയതെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജെ.ഡി.പുരോഹിത് പറഞ്ഞു. ജൂൺ രണ്ടിന് ധ്രംഗധ്രയിലെ ഒരു ഫാമിലെ കുഴൽക്കിണറിൽ രണ്ട് വയസ്സുള്ള ആൺകുട്ടി വീണിരുന്നു.അന്നും രക്ഷാപ്രവർത്തനത്തിനായി ആർമി ടീമാണ് എത്തിയത്. മൂന്ന് മണിക്കൂർ പരിശ്രമത്തിനൊടുവിലാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.