durga

ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനെതിരെ പ്രതിഷേധിച്ച് വിദ്യാഭ്യാസം തന്നെ ബഹിഷ്കരിച്ച് സമരമുഖത്തെത്തിയ ധീരവനിത. പന്ത്രണ്ടാം വയസിൽ നിസ്സഹകരണപ്രസ്ഥാനത്തിന്റെ ഭാഗമായി. ഉപ്പു സത്യഗ്രഹമുൾപ്പെടെയുള്ള ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിലെ സജീവപ്രവർത്തകയും ഗാന്ധിയൻ ആശയങ്ങളുടെ പ്രചാരകയും. സമരങ്ങളിൽ പങ്കെടുത്തതിനെത്തുട‌ർന്ന് മൂന്ന് തവണ ജയിൽശിക്ഷ അനുഭവിച്ചു.

1909 ജൂലായ് 15 ന് ആന്ധ്രാപ്രദേശ് രാജമുദ്രിയിലെ ഇടത്തരം കുടുംബത്തിൽ ജനനം. കുട്ടിക്കാലം മുതൽ തികഞ്ഞ ദേശീയവാദിയായിരുന്ന ദുർഗാബായ് ഹിന്ദി വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് പെൺകുട്ടികൾക്കായി രാജമുദ്രിയിൽ ബാലികാ ഹിന്ദി പാഠശാല സ്ഥാപിച്ചു. സത്യഗ്രഹിയായതിനാൽ ആഭരണം ഉപേക്ഷിച്ച ജീവിതരീതി പിന്തുടർന്നു. സ്വാതന്ത്യസമരത്തിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് ശക്തമായ ഇടപെടലുകൾ നടത്തുകയും സ്ത്രീ സത്യഗ്രഹികളെ അണിനിരത്തി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. സ്ത്രീകൾക്ക് നെയ്ത്തുപരിശീലനം നൽകാനായി ഗ്രാമത്തിൽ സ്കൂളുകൾ സ്ഥാപിച്ചു. ഗാന്ധിജിയുടെ പ്രസംഗങ്ങൾ ഹിന്ദിയിൽ നിന്ന് തെലുങ്കിലേക്ക് പരിഭാഷപ്പെടുത്തി ജനങ്ങളിലെത്തിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 1923ലെ കാക്കിനട സമ്മേളനത്തിൽ വോളന്റിയ‌റായി പ്രവർത്തിച്ച ദുർഗാബായിയുടെ അർപ്പണമനോഭാവത്തെയും ധൈര്യത്തെയും നെഹ്റു അഭിനന്ദിച്ചു. 1937 ൽ ആന്ധ്രാ മഹിളാസഭ എന്ന സംഘടന രൂപീകരിച്ചു. ഇന്ത്യൻ ആസൂത്രണ കമ്മിഷൻ അംഗമായിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി ചെയ്ത പ്രവ‌ർത്തനങ്ങൾ മുൻനിറുത്തി ഇന്ദിരാഗാന്ധി ദുർഗാബായിയെ മദർ ഒഫ് സോഷ്യൽ വർക്ക് ഇൻ ഇന്ത്യ എന്ന് വിശേഷിപ്പിച്ചു. 1981 മെയ് ഒൻപതിന് അന്തരിച്ചു.

ദുർഗാബായിയോടുള്ള ആദരസൂചകമായി 1982 ൽ ഇന്ത്യ സ്റ്രാമ്പ് പുറത്തിറക്കി. രാജ്യം പത്മഭൂഷൺ നൽകി ദുർഗാബായിയെ ആദരിച്ചു.