koshiyari

മുംബായ്: മഹാരാഷ്ട്രയിൽ നിന്ന് ഗുജറാത്തികളെയും രാജസ്ഥാനികളെയും മാറ്റിനിറുത്തിയാൽ സംസ്ഥാനത്ത് പണമൊന്നും ബാക്കി കാണില്ലെന്നും മുംബയ്ക്ക് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായി തുടരാനാകില്ലെന്നുമുള്ള ഗവർണർ ഭഗത് സിംഗ് കോഷിയാരിയുടെ പ്രസ്താവന വിവാദത്തിൽ. മുംബെയുടെ പടിഞ്ഞാറൻ പ്രാന്തപ്രദേശമായ അന്ധേരിയിലെ ഒരു ചൗക്കിന്റെ പേരിടൽ ചടങ്ങിനിടെയായിരുന്നു വിവാദ പരാമർശം.

പരാമർശത്തിന് പിന്നാലെ ഉദ്ധവ് താക്കറെ ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. അദ്ദേഹത്തെ ജയിലിലേക്ക് അയക്കണോ നാട്ടിലേക്ക് അയക്കണോ എന്ന് സർക്കാർ തീരുമാനിക്കണം. കോഷിയാരി വഹിക്കുന്ന പദവിയെ മാനിച്ച് എത്ര നേരം മിണ്ടാതിരിക്കാൻ കഴിയും. ഗവർണർ പദവിയെക്കുറിച്ച് താൻ ഒന്നും പറയുന്നില്ല,​ എന്നാൽ ആ കസേരയിൽ ഇരിക്കുന്ന വ്യക്തി കസേരയെ ബഹുമാനിക്കണം. മറാത്തികളെയും അവരുടെ അഭിമാനത്തെയും അദ്ദേഹം അപമാനിച്ചു. ഗവർണർക്ക് മറാത്തികളോടുള്ള വിദ്വേഷം പുറത്തുവന്നതാണെന്നും മാപ്പ് പറയണമെന്നും ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു.

ഗവർണറുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നും അതിനോട് യോജിക്കുന്നില്ലെന്നും മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പ്രതികരിച്ചു. കഠിനാദ്ധ്വാനികളായ മറാത്തി ജനതയെ ഗവർണർ അപമാനിച്ചുവെന്നും പരാമർശത്തെ അപലപിക്കുന്നുവെന്നും ശിവസേന എം.പി സഞ്ജയ് റാവത്ത് പറഞ്ഞു. കോൺഗ്രസ് നേതാക്കളായ ജയ്റാം രമേശും സച്ചിൻ സാവന്തും പരാമർശം ശരിയായില്ലെന്ന് ട്വീറ്റ് ചെയ്തു.

എന്നാൽ,​ മുംബെയെ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായി മാറ്റിയതിൽ രാജസ്ഥാനികളും ഗുജറാത്തികളും വഹിച്ച പങ്കിനെ പ്രകീർത്തിക്കുകയാണ് ചെയ്തതെന്നും എവിടെ പോയാലും അവർ കച്ചവടത്തിനുപരി സ്‌കൂളുകളും ആശുപത്രികളും ഉണ്ടാക്കി ജീവകാരുണ്യ പ്രവർത്തനങ്ങളും ചെയ്യുന്നുണ്ടെന്നാണ് ഉദ്ദേശിച്ചതെന്നും രാജ്ഭവന്റെ പ്രസ്താവനയിൽ വിശദീകരിച്ചു.