
ന്യൂഡൽഹി: ജാർഖണ്ഡിലെ മൂന്ന് കോൺഗ്രസ് എം.എൽ.എമാർ വൻതുകയുമായി ഹൗറ ജില്ലയിൽ വെസ്റ്റ് ബംഗാൾ പൊലീസിന്റെ പിടിയിലായി. ഇർഫാൻ അൻസാരി, രാജേഷ് കച്ചാപ്, നമൻ വിക്സൽ കൊങ്കാരി എന്നിവരാണ് ജാർഖണ്ഡിലെ ജമാത്രയിൽ നിന്ന് ബംഗാളിലെ ഈസ്റ്റ് മിഡ്നാപൂരിലേക്ക് കാറിൽ സഞ്ചരിക്കവെ അറസ്റ്റിലായത്. ജമാത്ര എം.എൽ.എയാണ് ഇർഫാൻ അൻസാരി. റാഞ്ചിയിലെ ഖിജ്രി മണ്ഡലത്തിലെ എം.എൽ.എയാണ് രാജേഷ് കച്ചാപ്. നമൻ വിക്സൽ കൊങ്കാരി സിംദേഗ ജില്ലയിലെ കൊലേബിര മണ്ഡലത്തിലെ എം.എൽ.എയാണ്. പണം കടത്തുന്നതായി രഹസ്യ വിവരം കിട്ടിയതിനെത്തുടർന്ന് എം.എൽ.എമാരുടെ കാർ തടഞ്ഞ് പരിശോധിക്കുകയും വാഹനത്തിൽ നിന്ന് വലിയ തുക പിടിച്ചെടുത്തതായും ഹൗറ പൊലീസ് സൂപ്രണ്ട് സ്വാതി ഭംഗാലിയ പറഞ്ഞു. പണത്തിന്റെ സ്രോതസ്സ് അറിയാൻ ഇവരെ ചോദ്യം ചെയ്തുവരുന്നതായും ഭംഗാലിയ പറഞ്ഞു.