
ന്യൂഡൽഹി: മതത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും പേരിൽ രാജ്യത്ത് ചിലർ പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും എല്ലാവരും ഇവർക്കെതിരെ ഒന്നിച്ച് പോരാടണമെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പറഞ്ഞു. ഇത്തരം പ്രശ്നങ്ങൾ മറ്റു രാജ്യങ്ങളിലേക്കും പടരും. അന്യമത ശത്രുതയെ ഒരുമിച്ചെതിർക്കണമെന്നും എല്ലാ മതങ്ങളും ഇന്ത്യക്ക് ഒന്നുപോലെയാണെന്ന ചിന്ത ഉണർത്തണമെന്നും അദ്ദേഹം പറഞ്ഞു. ഒാൾ ഇന്ത്യ സൂഫി സജ്ജാദനാഷിൻ കൗൺസിൽ (എ.ഐ.എസ്.എസ്.സി) സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് പ്രക്ഷോഭങ്ങളുടെ സാദ്ധ്യത നിലനിൽക്കുന്നുണ്ട്. അതിനെ രാജ്യം ഒറ്റക്കെട്ടായി നിന്നാണ് ചെറുക്കേണ്ടത്. നമ്മളെല്ലാം ഒന്നാണെന്ന് രാജ്യത്തെ ഓരോ വിഭാത്തിനും തോന്നണം. എല്ലാ മതങ്ങൾക്കും സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകൾക്കെതിരെയും വ്യക്തികൾക്കെതിരെയും ശക്തമായ നിയമ നടപടികൾ ഉണ്ടാകണമെന്നും നിരോധിക്കണമെന്നും പരിപാടിയിൽ എ.ഐ.എസ്.എസ്.സി പ്രമേയം പാസാക്കി .