
മുപ്പതാം വയസിൽ രാജ്യത്തിനായി രക്തസാക്ഷിത്വം വരിച്ച ധീരയോദ്ധാവ്. പ്രസിദ്ധമായ കക്കോരി ട്രെയിൻ കവർച്ചക്കേസിലെ ആസൂത്രകരിലൊരാൾ. ബ്രിട്ടീഷ് സർക്കാരിനെതിരെ വിപ്ലവം നയിച്ചു. സ്വാതന്ത്ര്യസമര സേനാനികളെ പ്രചോദിപ്പിക്കാൻ നിരന്തരം കവിതകളും ലേഖനങ്ങളും എഴുതി പ്രചരിപ്പിച്ചു. എല്ലാ കവിതകളിലും തീവ്രമായ രാജ്യസ്നേഹം പ്രതിഫലിച്ചു. റാം, അഗ്യത്, ബിസ്മിൽ എന്നീ പേരുകളിലും അറിയപ്പെടുന്നു.
1897 ജൂൺ പതിനൊന്നിന് ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ ജനനം. ചെറുപ്പത്തിൽത്തന്നെ ആര്യസമാജത്തിൽ ആകൃഷ്ടനാകുകയും അതിൽ പ്രവർത്തിക്കുകയും ചെയ്തു. അഹിംസയിലൂടെ സ്വാതന്ത്ര്യം നേടാനാകില്ലെന്ന് വിശ്വസിച്ച റാം പ്രസാദ് സ്വാതന്ത്ര്യത്തിന് വിപ്ലവകരമായ പ്രവർത്തനങ്ങൾ നടത്തുക എന്ന ലക്ഷ്യത്തോടെ ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ സ്ഥാപിച്ചു. 'എന്റെ രാജ്യക്കാർക്ക് ഒരു സന്ദേശം' എന്ന പേരിൽ ലഘുലേഖകളും സർക്കാർ നിരോധിച്ച പുസ്തകങ്ങളും വിതരണംചെയ്തു. മണിപ്പൂർ ഗൂഢാലോചന കേസിലെ പ്രധാനി. 1925ൽ ലഖ്നൗവിലെ കക്കോരിയിലൂടെ കടന്നുപോയ ട്രെയിനിൽ നിന്ന് ബ്രിട്ടീഷ് സർക്കാരിന്റെ പണം കൊള്ളയടിച്ച റാം പ്രസാദിനെയും അനുയായികളെയും അറസ്റ്റ് ചെയ്ത് വധശിക്ഷക്ക് വിധിച്ചു. കൊലക്കയർ കഴുത്തിലണിഞ്ഞപ്പോഴും ജയ് ഹിന്ദ് എന്ന് മന്ത്രിച്ചുകൊണ്ടിരുന്നു. 1927 ഡിസംബർ 19 ന് ഗൊരഖ്പൂർ ജയിലിൽ റാം പ്രസാദിനെ തൂക്കിലേറ്റി.
ശിക്ഷാകാലയളവിൽ എഴുതിയ ആത്മകഥ 'കക്കോരി കെ ഷഹീദ്' വിശിഷ്ട കൃതിയായി കണക്കാക്കപ്പെടുന്നു. കക്കോരി ഗൂഢാലോചനയിൽ പങ്കെടുത്തവരുടെ സ്മാരകം 1983 ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നാടിന് സമർപ്പിച്ചു. 1997 ൽ റാം പ്രസാദ് ബിസ്‌മില്ലിന്റെ ജന്മശതാബ്ദി വർഷത്തിൽ ആദരസൂചകമായി രാജ്യം ബഹുവർണ്ണ തപാൽ സ്റ്റാമ്പ് പുറത്തിറക്കി.