 വൈദികർക്കും വിശ്വാസികൾക്കും പൊലീസുകാർക്കും പരിക്ക്

തിരുവനന്തപുരം: ദക്ഷിണ കേരളമഹായിടവക ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം വിശ്വാസികൾ പാളയം രക്തസാക്ഷി മണ്ഡപത്തിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തിൽ സംഘർഷം. വൈദികർക്കും വിശ്വാസികൾക്കും പൊലീസുകാർക്കും പരിക്കേറ്റു.

തലയ്‌ക്ക് ലാത്തിയടിയേറ്റ കോൺഗ്രസ് പാറശാല ബ്ലോക്ക് സെക്രട്ടറി സന്തോഷ് കുമാറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇ.ഡി ചോദ്യം ചെയ്ത ബിഷപ്പ് ധർമരാജ് റസാലത്തിനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യണമെന്നും സഭ സ്ഥാനങ്ങളിൽ നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വിശ്വാസികൾ നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. വൈകിട്ട് മൂന്നരയോടെ കനകക്കുന്നിന് മുന്നിൽ നിന്ന് മാർച്ച് ആരംഭിക്കുന്നതിന് മുന്നേ തടിച്ചുകൂടിയവരെ ഹൈക്കോടതി ഉത്തരവ് പ്രകാരം പൊലീസ് കസ്റ്റഡിയിലെടുത്തു. നാലരയ്‌ക്ക് ശേഷമെ മാർച്ച് പാടുള്ളൂവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്. തുടർന്ന് സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ മ്യൂസിയം ഭാഗത്തേക്ക് ജാഥയായി പോയി. നാലോടെ അനുമതി നൽകിയെങ്കിലും മ്യൂസിയം ഭാഗത്ത് റോഡ് പൊലീസ് ബാരിക്കേഡ് കെട്ടി അടച്ചിരുന്നു. പ്രതിഷേധക്കാരെ നന്ദാവനത്തേക്ക് വഴിതിരിച്ചുവിട്ടു. ഇതിനിടെ പൊലീസും സമരക്കാരും തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. ഇത് ഏറ്റമുട്ടലിലേക്ക് കടന്നതോടെയാണ് പൊലീസ് ലാത്തി വീശിയത്.

തുടർന്ന് വൈദികർ ഇടപെട്ട് രംഗം ശാന്തമാക്കി, മാർച്ച് രക്തസാക്ഷി മണ്ഡപം വരെ തുടർന്നു. കസ്റ്റിഡിയിലെടുത്തവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാർ മണിക്കൂറുകളോളം എം.ജി റോഡ് ഉപരോധിച്ചു. തുടർന്ന് ഏഴുമണിയോടെ അമ്പതോളം പേരെ മോചിപ്പിച്ച ശേഷമാണ് ഇവർ പ്രതിഷേധം അവസാനിപ്പിച്ചത്. മ്യൂസിയം, പാളയം ഭാഗങ്ങളിൽ മൂന്നു മണിക്കൂറോളം ഗതാഗതം സ്‌തംഭിച്ചു. രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ കൂടിയ പൊതുയോഗത്തിൽ മുൻദക്ഷിണ കേരളമഹായിടവക സെക്രട്ടറി ഡോ. റോസ് ബിസ്റ്റ്, മുൻ ട്രഷറർ ഫാ.കാൽവിൻ ക്രിസ്റ്റോ, ഫാ.ജസ്റ്റിൻ ജോസ്, മുൻ യൂത്ത് കോ-ഓർഡിനേറ്റർ അഖിൻ കമലച്ചൻ, മുൻ സൺഡേ സ്കൂൾ കോ-ഓർഡിനേറ്റർ ഫാ.സുജിൻ ജേക്കബ്, ആക്ഷൻ കൗൺസിൽ കൺവീനർ ഡി.ലാൽ, എസ്.ഐ.യു.സി മുൻ കൺവീനർ വിക്ട‌ർ സാമുവൽ, കാരക്കോണം മെഡി.മിഷൻ ട്രഷറർ ഡോ.ആർ.സി.രഞ്ജിത്,വൈ.സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.