ghost

ബംഗളൂരു: കല്യാണ പന്തലുയർന്നു. നറുമണം വീശുന്ന പൂക്കളാൽ മണ്ഡപം അലങ്കരിച്ചു. കളിയും ചിരിയും അടക്കം പറച്ചിലുകളുമായി ബന്ധുമിത്രാദികൾ അണിനിരന്നു. വാദ്യഘോഷാദികൾ മുഴങ്ങി. തലയെടുപ്പുള്ള വരനും നാണം കുണുങ്ങുന്ന വധുവും മാത്രം ഉണ്ടായിരുന്നില്ല. കാരണം അവർ വർഷങ്ങൾക്ക് മുമ്പേ മരിച്ചു. അവരുടെ പ്രേതങ്ങളാണ് വിവാഹിതരാകുന്നത്.

അത്ഭുതപ്പെടേണ്ട. കർണാടകയിലെ ദക്ഷിണകന്നടയിലാണ് അതിവിചിത്രമായ പ്രേതക്കല്ല്യാണം നടന്നത്. മുത്തശ്ശിക്കഥകളെ വെല്ലുന്നതാണ് ഈ ആചാരം.

30 വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ട ചന്ദപ്പയും ശോഭയുമായിരുന്നു വധൂവരന്മാർ. 18 വയസ് തികയാതെ മരിച്ച കുട്ടികളുടെ ആത്മാവിന് ശാന്തി ലഭിക്കാനാണ് ഇത് നടത്തുന്നത്. വിവാഹത്തിന് മുമ്പ് മരണപ്പെട്ടാൽ അവരുടെ ആത്മാവ് അലഞ്ഞ് നടക്കുമെന്നും വീട്ടുകാർക്ക് പ്രശ്നമുണ്ടാക്കുമെന്നുമാണ് വിശ്വാസം. മുഹൂർത്തസമയം വധു അണിയേണ്ട ധാരീ എന്ന ഇനം സാരിയുമായി ആദ്യം വരനെത്തും. വരന് ഒരുങ്ങാനും സമയം അനുവദിക്കും. സപ്താദിപധി, മുഹൂർത്തം,കന്യാദാനം,മംഗല്ല്യസൂത്ര എന്നിങ്ങനെ വിവിധ ചടങ്ങുകളാണ് കല്ല്യാണത്തിലുള്ളത്. വിവാഹശേഷം വധൂവരന്മാർക്ക് ചടങ്ങിൽ പങ്കെടുത്തവർ എത്ര രൂപ സമ്മാനം നൽകുമെന്നും ഒരാൾ വിളിച്ച് പറയുന്നുണ്ടാവും. കേരളത്തിലും കർണാടകത്തിലുമുള്ള ചില വിഭാഗക്കാർക്കിടയിൽ ഇന്നും ഏറെ പ്രചാരത്തിലുള്ള ഈ ചടങ്ങിനെ കൗതുകത്തോടെയാണ് എല്ലാവരും ഉറ്രുനോക്കുന്നത്.