തിരുവനന്തപുരം: കാർട്ടൂൺ സമൂഹത്തിലെ പ്രധാന കലയാണെന്ന് ചീഫ് സെക്രട്ടറി വി.പി. ജോയ്. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും കേരള കാർട്ടൂൺ അക്കാഡമിയും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന കാർട്ടൂൺ പ്രദർശന ശില്പശാലയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രം വരച്ചാണ് അദ്ദേഹം ഉദ്ഘാടനം നിർവഹിച്ചത്. സത്യം പറയുന്നത് അത്ര എളുപ്പമല്ല, എന്നാൽ കാർട്ടൂണുകൾ തമാശരൂപത്തിൽ സത്യം പറയുന്നു. അതുകൊണ്ടുതന്നെ കാർട്ടൂണുകളേയും കാർട്ടൂണിസ്റ്റുകളേയും സമൂഹം ബഹുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മുതിർന്ന കാർട്ടൂണിസ്റ്റുകളായ സുകുമാറിനേയും പി.വി. കൃഷ്ണനേയും ചീഫ് സെക്രട്ടറി ആദരിച്ചു. പി.ആർ.ഡി, പൊതുവിതരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ അദ്ധ്യക്ഷത വഹിച്ചു.
കേരളകൗമുദി ഗ്രാഫിക് ആർട്ടിസ്റ്റ് സ്വാതി ജയകുമാർ കാർട്ടൂണിസ്റ്റ് സുകുമാറിന് കാർട്ടൂൺ സമ്മാനിച്ചു. തുടർന്ന് കാർട്ടൂണിസ്റ്റ് സുകുമാർ ചീഫ് സെക്രട്ടറിയുടെ കാർട്ടൂൺ വരച്ചു. പി.ആർ.ഡി ഡയറക്ടർ എസ്. ഹരികിഷോർ, കേരള കാർട്ടൂൺ അക്കാഡമി ചെയർമാൻ ഉണ്ണികൃഷ്ണൻ, മൃത്യുഞ്ജയ് ശേഖർ. മുൻ എം.പി എ. സമ്പത്ത് എന്നിവർ പങ്കെടുത്തു.