കട്ടപ്പന: ഭരണസമിതിക്കുള്ളിലെ ഭിന്നതയെ തുടർന്ന് കാലാവധി പൂർത്തിയാക്കിയിട്ടും രാജി വച്ച് സ്ഥാനമൊഴിയാത്ത കട്ടപ്പന നഗരസഭാ അദ്ധ്യക്ഷ ബീനാ ജോബിയുടെ നിലപാടിൽ കോൺഗ്രസ് മണ്ഡലം കമ്മറ്റി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് പരാതിക്കത്തയച്ചു. ബീനാ ജോബിയെ പിന്തുണയ്ക്കുന്ന ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യുവിനെ നിയന്ത്രിക്കണമെന്നും നഗരസഭാ അദ്ധ്യക്ഷ രാജി വച്ച് സ്ഥാനമൊഴിയാൻ അടിയന്തര ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ടാണ് മണ്ഡലം പ്രസിഡന്റ് തോമസ് മൈക്കിളിന്റെ നേതൃത്വത്തിൽ നഗരസഭാ കൗൺസിലിലെ 20 കോൺഗ്രസ് അംഗങ്ങളും ഒപ്പിട്ട കത്ത് സംസ്ഥാന അദ്ധ്യക്ഷന് അയച്ചത്. ഈ വിഷയത്തിൽ പുറത്ത് വന്നിട്ടുള്ള പത്രവാർത്തകളും ഉൾപ്പെടുത്തിയാണ് കത്ത്. ജൂൺ 28 നാണ് മുന്നണി ധാരണപ്രകാരമുള്ള ഒന്നര വർഷത്തെ കാലാവധി ബീനാ ജോബി പൂർത്തിയാക്കിയത്. ഇതിനു പിന്നാലെ കഴിഞ്ഞ 30ന് രാജി പ്രഖ്യാപനവും നടത്തിയിരുന്നു. എന്നാൽ ഡി.സി.സി നേതൃത്വം അറിയിച്ചിട്ട് രാജി വച്ചാൽ മതിയെന്ന് സി.പി. മാത്യു വിളിച്ചറിയിച്ചതോടെ രാജി പ്രഖ്യാപനം ബീന പിൻവലിച്ചു. ജില്ലാ നേതൃത്വം ആവശ്യപ്പെടുമ്പോൾ മാത്രമേ താൻ രാജി വയ്ക്കുകയുള്ളൂവെന്നും അവർ പിന്നീട് വ്യക്തമാക്കി. ഐ ഗ്രൂപ്പിനുള്ളിൽ ചേരിപ്പോര് ശക്തമാണെന്നും ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യുവും ഐ ഗ്രൂപ്പിലെ പ്രമുഖനായ മുൻ എം.എൽ.എയും തമ്മിലുള്ള വിരോധം കാരണമാണ്
രാജി വൈകുന്നതെന്നും സൂചനയുണ്ട്. അതേ സമയം പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷം നഗരസഭാദ്ധ്യക്ഷ രാജി വെയ്ക്കുമെന്നാണ് ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷന്റെ വിശദീകരണം. എ- ഐ ഗ്രൂപ്പ് നേതൃത്വവും കൗൺസിൽ അംഗങ്ങളും ഒരുമിച്ചാണ് അദ്ധ്യക്ഷയ്‌ക്കെതിരെ നീക്കം നടത്തുന്നത്. ജില്ലയിലെ മറ്റ് കോൺഗ്രസ് നേതാക്കൾക്കും ഡീൻ കുര്യാക്കോസ് എം.പിക്കും കത്തിന്റെ പകർപ്പുകൾ അയച്ചിട്ടുണ്ട്.
അവിശ്വാസ പ്രമേയത്തിനുള്ള നീക്കവും ശക്തം
അദ്ധ്യക്ഷയെ താഴയിറക്കാൻ അവിശ്വാസ പ്രമേയ നീക്കവും അണിയറയിൽ ശക്തമായി നടക്കുന്നുണ്ടെന്നാണ് സൂചന. പടലപ്പിണക്കങ്ങൾ ശക്തമായപ്പോൾ തന്നെ പ്രമുഖനായ കൗൺസിൽ അംഗത്തിന്റെ നേതൃത്വത്തിൽ കോൺഗ്രസ് അംഗങ്ങളെക്കൊണ്ട് അവിശ്വാസത്തിൽ ഒപ്പിടുവിച്ചിരുന്നു. കാലാവധി കഴിഞ്ഞിട്ടും ചെയർപേഴ്സൺ രാജി വയ്ക്കാത്ത സാഹചര്യത്തിൽ ഉടൻ അവിശ്വാസത്തിന് നോട്ടീസ് നൽകുമെന്ന് തന്നെയാണ് ലഭിക്കുന്ന വിവരം. നിലവിൽ കട്ടപ്പന നഗരസഭയിൽ എൽ.ഡി.എഫ്- 9, ബി.ജെ.പി- 2, കേരള കോൺഗ്രസ് (ജോസഫ്)- 3, കോൺഗ്രസ്- 20 എന്നിങ്ങനെയാണ് സീറ്റ് നില.