കട്ടപ്പന: എ.കെ.ജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.എം ഏരിയാ കമ്മിറ്റി കട്ടപ്പന ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. എതിരാളികളെ അക്രമിക്കുന്നതും അവരുടെ ഓഫീസുകൾ തല്ലി തകർക്കുന്നതുമാണ് കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും പുതിയ രീതിയെന്നും നേതാക്കൾ കുറ്റപ്പെടുത്തി. ഇടുക്കി കവലയിൽ നിന്ന് ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി ഇ.എം.എസ് മന്ദിരത്തിൽ സമാപിച്ചു. എ.കെ.ജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഇന്നലെ പുലർച്ചെ ടൗണിൽ പ്രകടനം നടത്തിയിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് കോൺഗ്രസ് ഓഫീസുകൾക്ക് പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. സി.പി.എം ഏരിയാ സെക്രട്ടറി വി.ആർ. സജി, മാത്യു ജോർജ്, എം.സി. ബിജു, ലിജോബി ബേബി, പി.വി. സുരേഷ്, കെ.എൻ. വിനീഷ്‌കുമാർ, ടോമി ജോർജ് എന്നിവർ നേതൃത്വം നൽകി.