മുട്ടം: റോഡിലെ ഗട്ടറിൽ വീണ് പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരന്റെ നേതൃത്വത്തിൽ കുഴി താത്കാലികമായി നികത്തി. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെ മുട്ടം തോട്ടുങ്കര ഭാഗത്തുള്ള തടിപ്പണി തൊഴിലാളിയായ എൻ.എം. സമദ് തടിപ്പണി കഴിഞ്ഞ് സ്‌കൂട്ടറിൽ വീട്ടിലേക്ക് വരുമ്പോൾ തോട്ടുങ്കര പാലത്തിലുള്ള ഗട്ടറിൽ ചാടി വണ്ടി മറിഞ്ഞു. എതിർ ഭാഗത്ത് നിന്ന് വന്ന കാറിന് കടന്ന് പോകാൻ സമദ് സ്‌കൂട്ടർ പെട്ടന്ന് വെട്ടിച്ചപ്പോഴാണ് കുഴിയിൽ ചാടിയത്. തുടർന്ന് സമദും സുഹൃത്തുക്കളായ ടോമി ജോർജ് മൂഴിക്കിയിൽ, ഷാനവാസ്‌ സി.എം. എന്നിവരുടെ നേതൃത്വത്തിൽ കല്ലും മിറ്റലും ഇട്ട് ഗട്ടർ നികത്തി അപകടാവസ്ഥ താത്കാലികമായി പരിഹരിച്ചു. തോട്ടുങ്കര പാലത്തിലാണ് അപകടകരമായി ആഴത്തിലുള്ള ഗട്ടറുള്ളത്. തോട്ടുങ്കര ലക്ഷം വീട് പ്രദേശത്തേക്കുള്ള റോഡിന്റെയും ചള്ളാവയൽ റോഡിന്റെയും സംഗമ സ്ഥലത്ത് വളവിലാണിത്. അതിനാൽ ഇതിലൂടെ കടന്ന് വരുന്ന വാഹന ഡ്രൈവർമാരുടെ ശ്രദ്ധയിൽ ഈ കുഴി പെടില്ല. ഇതേ തുടർന്ന് വാഹനാപകടങ്ങൾ ഇവിടെ പതിവാണ്. ഇരുചക്ര വാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. മഴവെള്ളം ഒഴുകിയെത്തിയും വാഹനങ്ങൾ കടന്ന് പോയും റോഡിന്റെ ടാറിംഗും മിറ്റലും കൂടുതൽ ഇളകി പാലത്തിൽ 35 ഇഞ്ച് വ്യാസത്തിൽ അപകടകരമായ രീതിയിൽ സുഷിരം രൂപപ്പെട്ടത്. ജനപ്രതിനിധികൾ ഉൾപ്പടെയുള്ള അധികൃതർ പ്രശ്നത്തിൽ ഇടപെട്ട് റോഡ് ടാർ ചെയ്ത് കുഴി നികത്തി അപകടമൊഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.