തൊടുപുഴ: കേര കർഷകരിൽ നിന്ന് നേരിട്ട് പച്ചത്തേങ്ങ സംഭരിക്കുന്ന പദ്ധതി ജില്ലയിലും ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കേര കർഷകരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന സർക്കാർ കർഷകരിൽ നിന്ന് പച്ചത്തേങ്ങ നേരിട്ട് സംഭരിക്കുന്ന പദ്ധതി ആവിഷ്കരിച്ചത്. എന്നാൽ ഏറെ വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇടുക്കി, കോട്ടയം, പത്തനംതിട്ട, വയനാട് തുടങ്ങിയ ജില്ലകളെ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഉത്പാദനം കുറവാണ്, ഉയർന്ന വിലയുണ്ട് എന്നീ കാരണങ്ങളാലാണ് ഈ ജില്ലകളെ ഉൾപ്പെടുത്താത്തതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. തേങ്ങയുടെ ഉത്പാദനം വർദ്ധിപ്പിക്കാൻ സർക്കാർ ആവിഷ്കരിച്ച വിവിധ പദ്ധതികൾ, വിവിധ തദ്ദേശ സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കിയ പദ്ധതികൾ, കർഷകരുടെ സ്വന്തമായിട്ടുള്ള പ്രയത്നം എന്നിവയെ തുടർന്ന് ഇടുക്കി ജില്ലയിൽ തേങ്ങയുടെ ഉത്പാദനം ഗണ്യമായി വർദ്ധിച്ചതായി ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നു. കേരഫെഡ്, വി.എഫ്.പി.സി, നാളികേര വികസന കോർപ്പറേഷൻ എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇവരുടെ നേതൃത്വത്തിൽ മറ്റ് ജില്ലകളിൽ നിന്ന് അടുത്ത നാളിൽ 993 മെട്രിക് ടൺ പച്ചത്തേങ്ങയാണ് സംഭരിച്ചത്. തുടർന്ന് 2427 തെങ്ങ് കർഷകർക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. ഒരു കിലോയ്ക്ക് 32 രൂപ നിരക്കിലാണ് സംഭരണം. വില കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് നൽകുന്നതും.

വിലങ്ങ് തടി ഉദ്യോഗസ്ഥർ

ദൈനംദിന ആവശ്യങ്ങൾക്ക് ഉപയോഗിച്ചിട്ടും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പച്ചത്തേങ്ങയുടെ വില്പന ആശാവഹമായി നടക്കുന്നില്ല. മിക്കവാറും സ്ഥലങ്ങളിൽ ഇവ ഗണ്യമായി നശിച്ച് പോവുകയാണ്. ഇതുമൂലം കേര കർഷകർക്ക്‌ കനത്ത നഷ്ടമാണുണ്ടാകുന്നത്. ജില്ലയിൽ നിന്ന് ആവശ്യത്തിന് ഉത്പന്നം കിട്ടില്ല, ഇവിടെ സംഭരണം പ്രായോഗികമല്ല എന്നിങ്ങനെയുള്ള കാര്യങ്ങൾ ഉയർത്തി ഇടുക്കിയിലെ കേര കർഷകർക്ക് വിലങ്ങ് തടിയായി നിൽക്കുന്നത് താപ്പാനകളായ ചില ഉദ്യോഗസ്ഥരാണെന്നും കർഷകർ പറയുന്നു.