കട്ടപ്പന: സംരക്ഷിത വന മേഖലയ്ക്ക് ഒരു കിലോമീറ്റർ ചുറ്റളവ് ബഫർ സോണാക്കണമെന്ന സുപ്രീം കോടതി ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കർഷക സംഘം പ്രത്യക്ഷ സമരത്തിലേയ്ക്ക് കടക്കുന്നു. ഇന്ന് മുതൽ ആറ് വരെ ജില്ലാതലത്തിൽ പ്രചരണ ജാഥ 11 ന് വില്ലേജ് ഓഫീസുകളിലേക്ക് മാർച്ച് എന്നിവയാണ് സമര പരിപാടികൾ. കർഷക സംഘം ജില്ലാ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യനായിരിക്കും ജാഥാ ക്യാപ്ടൻ. പി.പി. ചന്ദ്രൻ, വി.എ. കുഞ്ഞുമോൻ, മാത്യു ജോർജ്, ബേബി മാത്യു, പി.ഡി. സുമോൻ എന്നിവർ ജാഥാ അംഗങ്ങളായിരിക്കും. 11ന് രാവിലെ 10ന് കട്ടപ്പന, ഇരട്ടയാർ, കാഞ്ചിയാർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരിക്കും വില്ലേജ് ഓഫീസ് മാർച്ചെന്നും കർഷക സംഘം പ്രസിഡന്റ് ജോയി ജോർജ്, ഏരിയാ കമ്മിറ്റി സെക്രട്ടറി മാത്യു ജോർജ്, വി.കെ. സോമൻ, ഒ.ജെ. ബേബി എന്നിവർ അറിയിച്ചു.