ഇടുക്കി: ആരോഗ്യ വകുപ്പിന്റെയും തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ കരിങ്കുന്നം സെന്റ് അഗസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്‌കൂളിൽ ഇന്ന് തൊടുപുഴ ബ്ലോക്ക് ആരോഗ്യമേള നടത്തും. അലോപ്പതി, ആയുർവേദ, ഹോമിയോ തുടങ്ങിയ വിഭാഗങ്ങളുടെയും, മറ്റ് സർക്കാർ വകുപ്പുകളായ എക്‌സൈസ്, ഫയർഫോഴ്‌സ്, സാമൂഹ്യനീതി വകുപ്പ് കുടുംബശ്രീ, ഫുഡ് സേഫ്‌റ്റി, കൃഷി, മൃഗസംരക്ഷണം, പട്ടികജാതി പട്ടികവർഗ്ഗ വികസനം, വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകളുടെ സേവനങ്ങളും ബോധവത്കരണ പരിപാടികളും മേളയിൽ സംഘടിപ്പിച്ചിട്ടുണ്ട്. ജീവിത ശൈലി രോഗനിർണ്ണയ ക്യാമ്പ്, രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പ്, നേത്ര പരിശോധനാ ക്യാമ്പ്, ഡെന്റൽ ക്യാമ്പ്, കാൻസർ നിർണ്ണയ ക്യാമ്പ് എന്നീ സേവനങ്ങൾ മേളയിൽ പൊതുജനങ്ങൾക്ക് ലഭ്യമാണ്. ഇതോടൊപ്പം വിവിധ ആരോഗ്യ ബോധവത്കരണ സ്റ്റാളുകൾ, സെമിനാറുകൾ എന്നിവയും മേളയുടെ ഭാഗമായി നടക്കും. മേളയിൽ എത്തുന്നവരുടെ മാനസിക ഉല്ലാസത്തിനു വേണ്ടി വിവിധ കലാപരിപാടികളും ഒരുക്കും. രാവിലെ ഒമ്പതിന് ആരോഗ്യ സന്ദേശറാലിയോടു കൂടി മേള ആരംഭിക്കും. റാലി കരിങ്കുന്നം സി.ഐ പ്രിൻസ് ജോസഫ് ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് നടക്കുന്ന പൊതു സമ്മേളനം പി.ജെ. ജോസഫ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ കളക്ടർ ഷീബ ജോർജ് മുഖ്യാതിഥിയാകും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗ്ഗീസ് ആരോഗ്യ സന്ദേശം നൽകും. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ. അനൂപ് വിഷയാവതരണം നിർവ്വഹിക്കും. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് സ്വാഗതവും തൊടുപുഴ ബി.ഡി.ഒ വി.ജി. ജയൻ നന്ദിയും പറയും.