തൊടുപുഴ: പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്ന ബഫർസോൺ സമര പ്രഖ്യാപന സമ്മേളനം വമ്പിച്ച വിജയമാക്കാൻ തൊടുപുഴ രാജീവ് ഭവനിൽ ചേർന്ന യു.ഡി.എഫ് ജില്ലാ നേതൃയോഗം തീരുമാനിച്ചു. സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങൾക്കായി അഞ്ചിന് ഉച്ചകഴിഞ്ഞ് രണ്ടിന് കുമളി, ആറിന് ഉച്ചകഴിഞ്ഞ് മൂന്നിന് അടിമാലി, ഏഴിന് ഉച്ചകഴിഞ്ഞ് രണ്ടിന് ഇടുക്കി, എട്ടിന് ഉച്ചകഴിഞ്ഞ് രണ്ടിന് നെടുംങ്കണ്ടം എന്നീ കേന്ദ്രങ്ങളിൽ നിയോജകമണ്ഡലംതല യു.ഡി.എഫ് നേതൃയോഗങ്ങൾ വിളിച്ചു കൂട്ടാൻ യോഗം തീരുമാനിച്ചു. എല്ലാ ഘടകക്ഷികളുടെയും മണ്ഡലം പ്രസിഡന്റുമാർ, നിയോജകമണ്ഡലം ഭാരവാഹികൾ, ജില്ലാ സംസ്ഥാന ഭാരവാഹികൾ, ത്രിതലപഞ്ചായത്ത് പ്രസിഡന്റുമാർ, സഹകരണബങ്ക് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത്അംഗങ്ങൾ, ജില്ലാപഞ്ചായത്ത് അംഗങ്ങൾ എന്നിവർ അതത്‌ നിയോജകമണ്ഡലംതല നേതൃയോഗങ്ങളിൽ പങ്കെടുക്കും. 10ന് മുമ്പ് എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും മണ്ഡലംതല നേതൃയോഗങ്ങൾ വിളിച്ചുകൂട്ടും. 15ന് മുമ്പ് എല്ലാ പഞ്ചായത്തുകളിലെയും യു.ഡി.എഫ് മണ്ഡലം കമ്മിറ്റികളുടെ പുനഃസംഘടന പൂർത്തിയാക്കാനും യോഗം തീരുമാനിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൺവീനർ പ്രൊഫ. എം.ജെ. ജേക്കബ്ബ് പ്രവർത്തനരേഖ അവതരിപ്പിച്ചു. മുൻ എം.പി കെ. ഫ്രാൻസിസ് ജോർജ്ജ്, അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ, സി.പി. മാത്യു, എം.എസ്. മുഹമ്മദ്, കെ.എ. കുര്യൻ, രാജുമുണ്ടക്കാട്ട്, എം.കെ. പുരുഷോത്തമൻ, എൻ.ഐ. ബെന്നി, എം.ജെ. കുര്യൻ, ബെന്നിതുണ്ടത്തിൽ, അഡ്വ. സിറിയക് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.