തൊടുപുഴ: കരിങ്കുന്നം നെടിയകാട് ലിറ്റിൽഫ്ളവർ പള്ളിയുടെ കൽവിളക്കുകൾ നശിപ്പിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ജാർഖണ്ഡ് സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മനോനില തെറ്റിയ നിലയിൽ കണ്ടെത്തിയ ഇയാളെ ദിവ്യരക്ഷാലയത്തിൽ പ്രവേശിപ്പിച്ചു. ഇന്നലെ അർദ്ധരാത്രിയ്ക്ക് ശേഷമായിരുന്നു സംഭവം. പള്ളിയുടെ കുരിശടിയ്ക്കു സമീപം സ്ഥാപിച്ചിരുന്ന രണ്ട് കൽവിളക്കുകളാണ് നശിപ്പിച്ചത്. പല ഭാഗങ്ങളായി കൂട്ടി യോജിപ്പിച്ചിരുന്ന കൽവിളക്കുകൾ തള്ളിയിട്ട നിലയിലായിരുന്നു. ഇന്നു പുലർച്ചെ പള്ളിയിലെത്തിയവരാണ് കൽവിളക്കുകൾ മറിഞ്ഞു കിടക്കുന്ന നിലയിൽ കണ്ടത്. ഉടൻ തന്നെ പള്ളി അധികൃതർ പൊലീസിനെ വിവരമറിയിച്ചു. കരിങ്കുന്നം സി.ഐ പ്രിൻസ് ജോസഫിന്റെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തി. സമീപ പ്രദേശങ്ങളിലെ സി.സി ടി.വികളിൽ നിന്നാണ് അന്യസംസ്ഥാനക്കാരന്റെ ദൃശ്യങ്ങൾ ലഭിച്ചത്. ഇന്നലെ രാവിലെ പരിസരത്ത് നിന്ന് തന്നെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മനോനില തെറ്റിയ നിലയിൽ പെരുമാറിയ ഇയാളെ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയ ശേഷമാണ് അഭയകേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. കൽവിളക്കുകൾ നശിപ്പിച്ചതറിഞ്ഞ് ഒട്ടേറെ വിശ്വാസികൾ പള്ളിയിൽ എത്തിയിരുന്നു.