kulam
ജോമോൻ മത്സ്യ കൃഷി നടത്തിയിരുന്ന കുളം

ശാന്തൻപാറ: ശാന്തമ്പാറ പത്തേക്കർ സ്വദേശിയായ യുവ കർഷകന്റെ മീൻ കുളത്തിൽ നിന്ന് രണ്ട് ലക്ഷത്തോളം രൂപയുടെ വിളവെടുക്കാറായ മത്സ്യം മോഷണം പോയി. പാറമലയിൽ ജോമോൻ എന്ന യുവ കർഷകൻ ചേരിയാറിൽ പാട്ടത്തിനെടുത്ത കുളത്തിൽ വളർത്തിയിരുന്ന തിലോപ്പിയ, നട്ടർ, ഗോൾഡ് ഫിഷ് തുടങ്ങിയ മത്സ്യങ്ങളാണ് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മോഷണം പോയത്. കുളത്തിൽ വൈദ്യുതി പ്രവഹിപ്പിച്ചാണ് ഈ മാസം വിളവെടുക്കാനിരുന്ന മത്സ്യത്തെ പിടികൂടിയത്. ചൊവ്വാഴ്ച തന്നെ ജോമോൻ ശാന്തൻപാറ പൊലീസിൽ പരാതി നൽകിയിരുന്നു. പ്രതികളെ കുറിച്ചുള്ള സൂചനകൾ നാട്ടുകാർ നൽകിയിട്ടും പൊലീസ് അന്വേഷണം നടത്തിയില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. കൃത്രിമ എയറേഷൻ സംവിധാനത്തിലൂടെയാണ് മൂന്ന് സെന്റ് വിസ്തീർണമുള്ള കുളത്തിൽ നാലായിരത്തോളം മത്സ്യ കുഞ്ഞുങ്ങളെ വളർത്തിയിരുന്നത്. ഇത് കൂടാതെ രണ്ട് കുളങ്ങളും മത്സ്യം വളർത്താൻ വേണ്ടി ജോമോൻ പാട്ടത്തിനെടുത്തിട്ടുണ്ട്. പക്ഷേ,​ മുടക്ക് മുതലിനു വേണ്ടി വളർത്തിയ മത്സ്യം മോഷണം പോയതോടെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ് ഈ യുവ കർഷകൻ.