latheesh
ഹെൽപ്പ് ഡെസ്‌കിന്റെ പ്രവർത്തനോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് നിർവ്വഹിക്കുന്നു

ഉടുമ്പന്നൂർ: സംസ്ഥാന സർക്കാരിന്റെ 'എന്റെ തൊഴിൽ, എന്റെ അഭിമാനം" പദ്ധതിയുടെ ഹെൽപ്പ് ഡെസ്‌ക് ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിൽ പ്രവർത്തനം ആരംഭിച്ചു. പുതിയ തൊഴിൽ സംരംഭങ്ങളും വ്യവസായ സംരംഭങ്ങളും ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ നിയമ സാങ്കേതിക സഹായങ്ങൾ നൽകുന്നതിനായാണ് ഹെൽപ് ഡെസ്‌ക് പ്രവർത്തനം ആരംഭിച്ചത്. തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഓഫീസ് പ്രവൃത്തി സമയങ്ങളിൽ സംരഭകർക്ക് സൗജന്യ സേവനം ലഭ്യമാക്കും. ഇതുവഴി ഉടുമ്പന്നൂർ പഞ്ചായത്തിൽ ഈ വർഷം 108 പുതിയ സംരംഭങ്ങൾ ആരംഭിക്കാനാണ് ഭരണ സമിതി ലക്ഷ്യമിടുന്നത്. ഹെൽപ്പ് ഡെസ്‌കിന്റെ പ്രവർത്തനോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് നിർവ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ സുലൈഷ സലിം അദ്ധ്യക്ഷയായി. ഗ്രാമ പഞ്ചായത്തംഗങ്ങളായ ശ്രീമോൾ ഷിജു, രമ്യ അനീഷ്, കെ.ആർ. ഗോപി എന്നിവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജോൺ ജി. ഗ്രീക്ക് സ്വാഗതവും വ്യവസായ വകുപ്പ് ഇന്റേൺ ഹരികൃഷ്ണ സജീവ് നന്ദിയും പറഞ്ഞു.