ഇടുക്കി: ഭക്ഷ്യയോഗ്യമാണെന്നു പരിശോധന നടത്തിയ ഏലക്കയ്ക്കു മാത്രമായി സ്‌പൈസസ് ബോർഡ് ഈ മാസം മുതൽ പ്രത്യേക ലേലം നടത്തുന്നു. അനുവദനീയമായ അളവിൽ കൂടുതൽ കീടനാശിനി സാന്നിധ്യം കണ്ടെത്തുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഏലക്കാ വിദേശ രാജ്യങ്ങളിൽ നിന്നു തുടർച്ചയായി തിരിച്ചുവിടുന്നത് പതിവായതോടെയാണ് ഭക്ഷ്യയോഗ്യമാണെന്നു പരിശോധയിലൂടെ ഉറപ്പാക്കിയ ഏലക്കാ പ്രത്യേകമായി ലേലം ചെയ്യാൻ സ്‌പൈസസ് ബോർഡ് തീരുമാനിച്ചത്. പ്രത്യേകം പരിശോധിച്ച കീടനാശിനി സാന്നിധ്യമില്ലാത്ത ഏലക്കാ ലേലത്തിനു നൽകാനാവുമോയെന്ന് സ്‌പൈസസ് ബോർഡ് നേരത്തേ ലേല കമ്പനികളോട് ആരാഞ്ഞിരുന്നു. ഇതിനു കമ്പനികൾ സമ്മതമറിയിച്ചതോടെയാണ് പരിശോധന നടത്തിയ ഏലക്ക പ്രത്യേകമായി ലേലം നടത്തുക. മാസത്തിലെ അവസാന ശനിാഴ്ചയായിരിക്കും ഇത്തരത്തിലുള്ള പ്രത്യേക ലേലം. സേഫ് ടു ഈറ്റ് വിഭാഗത്തിൽ ഉൾപ്പെടുന്ന ഏലക്കായുടെ സാമ്പിൾ ലേലത്തിനു മുമ്പായി പരിശോധനയ്ക്കു സ്‌പൈസസ് ബോർഡിനു നൽകണം. ബോർഡിന്റെ നേതൃത്വത്തിൽ നടത്തുന്ന പരിശോധനയിൽ ഏലക്കായിൽ നിറം ചേർത്തിട്ടില്ലെന്നും പിന്നീട് ലാബിൽ നടത്തുന്ന പരിശോധനയിൽ നിരോധിത കീടനാശിനി സാന്നിധ്യം ഇല്ലെന്നും ഉറപ്പാക്കും. ഇത്തരത്തിൽ പരിശോധന നടത്തി സർട്ടിഫിക്കറ്റ് ലഭിക്കുന്ന ഏലക്കായാണ് പ്രത്യേക ലേലത്തിനെത്തുക. പരിശോധനയ്ക്കു ചിലവാകുന്ന തുകയുടെ മൂന്നിലൊന്നു ഭാഗം സ്‌പൈസ് ബോർഡ് വഹിക്കുമെന്നും അധികൃതർ പറഞ്ഞു. സേഫ് ടു ഈറ്റ് ലേബലിൽ മാർക്കറ്റ് ചെയ്യുന്ന ഏലക്കായ്ക്ക് വിദേശ രാജ്യങ്ങളിൽ മികച്ച വിപണി ലഭിക്കുമെന്നാണ് സ്‌പൈസസ് ബോർഡ് അധികൃതരുടെ പ്രതീക്ഷ. പുതിയ ലേല സംവിധാനം കൊണ്ടുവരുന്നതിലൂടെ അമിത കീടനാശിനി പ്രയോഗം വിപണി ഇല്ലാതാക്കുമെന്നു കർഷകരെ ബോധ്യപ്പെടുത്താനും സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നിരോധിത കീടനാശിനികൾ ഉപയോഗിക്കുന്നതും വിളവെടുപ്പിന് തൊട്ടുമുമ്പ് തോട്ടത്തിൽ കീടനാശിനി പ്രയോഗം നടത്തുന്നതും ഏലക്കായിൽ കീടനാശിനി സാന്നിധ്യം കണ്ടെത്താനിടയാക്കുമെന്നും ഇത്തരം രീതികൾ തുടരുന്നത് ഭാവിയിൽ വിപണി ഇല്ലാതാക്കുമെന്നും ബോർഡ് മുന്നറിയിപ്പു നൽകുന്നു.

'കീടനാശിനി ഉപയോഗം വളരെയധികം കൂടുന്നുണ്ട്. അനുവദനീയമായ അളവിൽ ഉപയോഗിക്കുന്നതിൽ തെറ്റില്ല. നിരോധിച്ച കീടനാശിനികൾ കൂടുതൽ അളവിൽ ഉപയോഗിക്കുന്നതിൽ നിന്ന് കർഷകരെ തടയുകയാണ് പ്രത്യേക ലേലത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രത്യേക ലേലത്തിലെത്തുന്ന മികച്ച കായ്കൾക്ക് നല്ല വില ലഭിക്കുമെന്നതും പ്രത്യേകതയാണ്."

എ.ജി. തങ്കപ്പൻ (സ്പൈസസ് ബോർഡ് ചെയർമാൻ)​

വിലയിടിവ് തുടരുന്നു

കഴിഞ്ഞ കുറേക്കാലങ്ങളായി വിലയിടിവ് തുടരുന്ന ഏലം മേഖലയിൽ 600 രൂപ മുതലാണ് ഇപ്പോൾ ചില്ലറവിൽപ്പന വില. 2019 ഓഗസ്റ്റിൽ ഏലക്കാ വില കിലോയ്ക്ക് 7000 രൂപയിലെത്തിയിരുന്നു.