കട്ടപ്പന : റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീണ് വീടിന് കേടുപാട് സംഭവിച്ചു.അഞ്ചുരുളി ആദിവാസി സെറ്റിൽമെന്റ് റോഡിന് സമീപത്ത് താമസിക്കുന്ന കക്കാട്ടുകട പാറയിൽ ഹരിദാസിന്റെ വീടിനാണ് നാശനഷ്ടമുണ്ടായത്.ഞായറാഴ്ച്ച രാവിലെ 8 മണിയോടെയാണ് സംഭവം.ഹരിദാസും കുടുംബാംഗങ്ങളും വീടിനുള്ളിൽ ഉണ്ടായിരുന്നുവെങ്കിലും ഇവർക്ക് അപായമുണ്ടായില്ല. സംരക്ഷണ ഭിത്തി ഇടിഞ്ഞ സമയത്ത് മുറ്റത്ത് നിന്നിരുന്ന വീട്ടുടമയുടെ സുഹൃത്തും അത്ഭുതകരമായി രക്ഷപ്പെട്ടു.ഇദ്ദേഹത്തിന്റെ കാലുകൾ മണ്ണിൽ പുത്തഞ്ഞ് പോയെങ്കിലും പരിക്കേറ്റില്ല.അഞ്ചുരുളി ആദിവാസി സെറ്റിൽമെന്റിലേയ്ക്ക് പഞ്ചായത്ത് നിർമ്മിച്ച റോഡിന്റെ ഭിത്തിയാണ് തകർന്നു വീണത്.കഴിഞ്ഞ രാത്രിയിൽ കനത്ത മഴയാണ് ഇവിടെ പെയ്തത്.കല്ലും മണ്ണും വീണതോടെ വീടിന്റെ മുൻവശത്തെ ഭിത്തിയും ജനലുകളും നശിച്ചു.ഹാളിൽ ഉണ്ടായിരുന്ന ഗൃഹോപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.വാർഡ് അംഗം അറിയിച്ചതനുസരിച്ച് തഹസിൽദാർ അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.മഴ തുടർന്നാൽ ഇനിയും മണ്ണിടിയുവാനുള്ള സാധ്യത കണക്കിലെടുത്ത് കുടുംബം മറ്റൊരു വീട്ടിലേയ്ക്ക് മാറി. മണ്ണിടിഞ്ഞ് താഴാനിടയുള്ള തിനാൽ റോഡിലൂടെയുള്ള ഗതാഗതവും പരിമിതപ്പെടുത്തിയിട്ടുണ്ട്.