ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ഇടപെടൽ ഫലംകണ്ടു

തൊടുപുഴ: കാന്തല്ലൂർ പഞ്ചായത്തിലെ കാരയൂർ ഗ്രാമത്തിലുള്ള അഞ്ചുനാട് വെള്ളാളർ വിഭാഗത്തിൽപ്പെട്ടവർക്ക് ജോലിക്കും വിദ്യാഭ്യാസത്തിനും ഒബിസി സംവരണം ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ഇടപെടലിനെ തുടർന്നാണ് സർക്കാർ നടപടി. കാരയൂർ ഗ്രാമത്തിലെ അഞ്ചുനാട്, വെള്ളാളർ സമുദായത്തിൽപ്പെട്ടവർക്ക് വിദ്യാഭ്യാസ ആവശ്യങ്ങൾക്കും സർക്കാർ ജോലിയിലും സംവരണ ആനുകൂല്യം ലഭ്യമാകുന്നില്ല എന്നത് സംബന്ധിച്ച് ഈ വിഭാഗത്തിലുള്ളവർ ഇടുക്കി ഡി എൽ എസ് എ ചെയർമാനും പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയുമായ പി എസ് ശശികുമാറിനും, ഡി എൽ എസ് എ സെക്രട്ടറിയും സബ് ജഡ്ജിയുമായ പി. എ.സിറാജുദ്ദീനും പരാതി നൽകിയിരുന്നു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ കാന്തല്ലൂർ പഞ്ചായത്തിലെ കാരയൂർ ഗ്രാമത്തിൽ സംഘടിപ്പിച്ച ' നേരറിവ് ' മുഖാമുഖം പരിപാടിയിലും തുടർന്ന് നടന്ന അദാലത്തിലുമാണ് ലീഗൽ സർവീസസ് അതോറിറ്റി അധികൃതർക്ക് പരാതി ലഭിച്ചത്. പരാതി സംബന്ധിച്ച് കേരള പബ്ലിക് സർവീസ് കമ്മീഷൻ, പൊതു ഭരണം തുടങ്ങിയ വകുപ്പുകൾക്ക് സബ് ജഡ്ജ് സിറാജുദ്ദീൻ പി എ നോട്ടീസ് അയക്കുകയും ഇത്‌ സംബന്ധിച്ച് സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട്‌ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസസ് റൂൾസ് പ്രകാരം കേരളത്തിലെ മറ്റ് പിന്നോക്ക സമുദായങ്ങളുടെ പട്ടികയിൽ അഞ്ചുനാട്, വെള്ളാളർ സമുദായത്തിൽപ്പെട്ടവരെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഉദ്യോഗാർഥികൾക്ക് പി എസ് സി മുഖേന തിരഞ്ഞെടുപ്പ് നടത്തുന്ന തസ്തികയുടെ അപേക്ഷയിൽ സംവരണ ആനുകൂല്യം ആവശ്യപ്പെടുകയും നിശ്ചിത മാതൃകയിലുള്ള നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റ് കമ്മീഷൻ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കുകയും ചെയ്യുന്ന പക്ഷം പ്രസ്തുത സംവരണ ആനുകൂല്യം ലഭ്യമാക്കുമെന്നും അഡീഷണൽ ചീഫ് സെക്രട്ടറി, ഇടുക്കി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിക്ക് അയച്ച റിപ്പോർട്ടിൽ പറയുന്നു.