ഇടുക്കി: കാലവർഷം ശക്തി പ്രാപിച്ചതോടെ മണ്ണിടിഞ്ഞും മരം വീണും ജില്ലയിൽ അങ്ങിങ്ങ് നാശനഷ്ടം. ഇന്നലെ പുലർച്ചെ മുരിക്കാശേരിക്ക് സമീപം പതിനാറാംകണ്ടം അമ്പലംകുന്നിൽ മൺഭിത്തി ഇടിഞ്ഞുവീണ് ചോട്ടുപുറം ഷോബിയുടെ വീട് ഭാഗികമായി തകർന്നു. കട്ടയും മണ്ണും വീണ് ഉറങ്ങിക്കിടന്ന കുട്ടികളടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. ഇടുക്കി ഇരുകുട്ടി അച്ചൻകാനം ഭാഗത്ത് പുലർച്ചെ മൺഭിത്തിയിടിഞ്ഞ് കൊച്ചുപുരയ്ക്കൽ സ്കറിയയുടെ വീട് ഭാഗികമായി തകർന്നു. മണ്ണിനടിയിൽപ്പെട്ട ഗൃഹനാഥയെ വീട്ടുകാരും നാട്ടുകാരും ചേർന്നാണ് രക്ഷപ്പെടുത്തി ആശുപത്രിയിലാക്കിയത്. നെടുങ്കണ്ടത്ത് പാറത്തോട് മാവടി കാലാക്കാട് ഭാഗത്ത് മരം വീണ് വീടിന്റെ മേൽക്കൂര തകർന്നു. കാഞ്ചിയാർ കാക്കാട്ടുകടയിൽ റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീടിന് മുൻവശത്തേക്ക് വീണു. കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ വാളറയ്ക്കും ചീയപ്പാറയ്ക്കുമിടയിൽ മരംവീണ് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. മാങ്കുളം- കല്ലാർ റൂട്ടിൽ വൈദ്യുതി ലൈനിൽ പതിച്ച മരം റോഡിൽ വീണ് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ഈ സമയം ഇതുവഴി വന്ന ബൈക്ക് യാത്രികൻ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.

പലയിടങ്ങളിലും മരം വീണ് വൈദ്യുതി ബന്ധവും ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്. കളക്ട്രേറ്റിലും എല്ലാ താലൂക്ക് ഓഫീസുകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. രണ്ട് ദിവസമായി ലോറേഞ്ചിലും ഹൈറേഞ്ചിലും കനത്ത മഴയാണ് ലഭിക്കുന്നത്. ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിൽ ജില്ലയിൽ 44.04 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. ഇടുക്കി താലൂക്കിലാണ് ഏറ്റവുമധികം മഴ ലഭിച്ചത്- 82.4 മില്ലി മീറ്റർ.

വരുംദിവസങ്ങളിലും ജില്ലയിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച വരെ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെയും ജില്ലയിൽ ഓറഞ്ച് അലർട്ടായിരുന്നു.

മഴയുടെ അളവ് (മില്ലിമീറ്ററിൽ)

ഉടുമ്പഞ്ചോല- 52.2

പീരുമേട്- 8.00

തൊടുപുഴ- 40.8

ഇടുക്കി-82.4

ദേവികുളം-36.8

ശരാശരി- 44.04

കൺട്രോൾ റൂം നമ്പറുകൾ

കളക്ടറേറ്റ്: 04862233111, 04862233130

താലൂക്ക് കൺട്രോൾ റൂം

ദേവികുളം: 04865264231

ഉടുമ്പൻചോല: 04868232050

പീരുമേട്: 04869232077

ഇടുക്കി: 04862235361

തൊടുപുഴ: 04862222503.

ഡാമിലെ ജലനിരപ്പ് ഉയരുന്നു

വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് ശക്തമായതോടെ അണക്കെട്ടുകളിലെ ജലനിരപ്പും ഉയർന്നു തുടങ്ങി. മുൻകരുതലിന്റെ ഭാഗമായി താരതമ്യേന ചെറിയ ഡാമായ പാംബ്ല അണക്കെട്ടിന്റെ ഷട്ടർ ഉയർത്തി ഇന്നലെ രാവിലെ മുതൽ 500 ക്യുമെക്സ് വരെ ജലം പുറത്തേക്കൊഴുക്കുന്നുണ്ട്. 2340.74 അടിയായിരുന്ന ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഒറ്റ ദിവസം കൊണ്ട് ഒരടിയിലേറെ ഉയർന്ന് 2341.92 ലെത്തി. പരമാവധി സംഭരണശേഷിയുടെ 38 ശതമാനമാണിത്. 2403 അടിയാണ് പരമാവധി സംഭരണശേഷി. കഴിഞ്ഞ 24 മണിക്കൂറിൽ 24.285 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. 2.483 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ മൂലമറ്റം പവർഹൗസിൽ ഉത്പാദിപ്പിച്ചത്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 127.75 ആണ്.


കിട്ടിയ മഴ കുറവ്

കാലവർഷം ആരംഭിച്ചിട്ട് ഒരു മാസം കഴിഞ്ഞെങ്കിലും ഇതുവരെ ഏറ്റവും കുറവ് മഴ ലഭിച്ചത് ഇടുക്കിയിലാണ്. 61 ശതമാനം മഴയാണ് കുറഞ്ഞത്. 813.3 മില്ലി മീറ്രർ മഴ കിട്ടേണ്ട സ്ഥാനത്ത് 317.2 മില്ലി മീറ്റർ മഴയാണ് ആകെ ഇതുവരെ കിട്ടിയത്.