ഇടുക്കി: ബുധനാഴ്ച ജില്ലയിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്ന സാഹചര്യത്തിൽ എല്ലാ സർക്കാർ വകുപ്പുകളും സജ്ജമായിരിക്കാൻ ജില്ലാ കളക്ടർ ഷീബാ ജോർജ് നിർദേശം നൽകി. ഓറഞ്ച് അലർട്ടാണെങ്കിലും റെഡ് അലർട്ടിന് സമാനമായ മുന്നൊരുക്കങ്ങൾ നടത്തണം. ദുരന്ത സാദ്ധ്യതാ മേഖലകളിൽ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കണം. ജനങ്ങൾക്ക് അനൗൺസ്‌മെന്റ് നൽകുകയും ആവശ്യമെങ്കിൽ മാറ്റിപാർപ്പിക്കുകയും വേണം. ഒരു കാരണവശാലും ജനങ്ങൾ നദികൾ മുറിച്ചു കടക്കാനോ, കുളിക്കാനോ, മീൻപിടിക്കാനോ മറ്റാവശ്യങ്ങൾക്കോ ഇറങ്ങാൻ പാടില്ല. പൊലീസ്, വനം, ടൂറിസം വകുപ്പുകൾ ഇക്കാര്യം ശ്രദ്ധിക്കണം. ജില്ലയിലെ എല്ലാ ഇൻസിഡന്റ് റെസ്‌പോൺസ് സിസ്റ്റവും സജ്ജമാക്കണമെന്നും കളക്ടർ നിർദേശം നൽകി.