bike
ബൈക്ക് കത്തിനശിച്ച നിലയിൽ

നെടുങ്കണ്ടം: നെടുങ്കണ്ടത്ത് വീട്ടുമുറ്റത്ത് വച്ചിരുന്ന ബൈക്ക് രാത്രിയിൽ സാമൂഹ്യവിരുദ്ധർ പെട്രോൾ ഒഴിച്ച് കത്തിച്ചതായി പരാതി. നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലുള്ള അമ്പലപ്പാറ സ്വദേശി ജയാഭവനിൽ രതീഷിന്റെ യമഹാ ബൈക്കാണ് പൂർണമായും കത്തിനശിച്ചത്. ജെ.സി.ബി ഓപറേറ്ററായ രതീഷ് ബൈക്ക് വീട്ടുമുറ്റത്തുള്ള ചെറിയ ഷെഡിലാണ് വയ്ക്കുന്നത്. ഞായറാഴ്ച രാവിലെ അയൽവാസികളാണ് ബൈക്ക് കത്തിനശിച്ച നിലയിൽ കണ്ടെത്തിയത്. പെട്രോളിന്റെ മണം വന്നതിനെത്തുടർന്ന് അയൽവാസികൾ ഇവിടെ എത്തി വിവരം രതീഷിനെ അറിയിക്കുകയായിരുന്നു. കനത്ത മഴയായതിനാൽ രാത്രിയിൽ മറ്റ് ശബ്ദങ്ങളൊന്നും കേട്ടിരുന്നില്ലെന്ന് രതീഷ് പറഞ്ഞു. ബൈക്ക് നനയാതിരിക്കാൻ കെട്ടിയിരുന്ന പടുതായും ഇവിടെത്തന്നെ സൂക്ഷിച്ചിരുന്ന മരുന്നടിക്കാനുപയോഗിക്കുന്ന ഹോസുകൾ, കുഴൽക്കിണറിന്റെ വൈദ്യുതി കേബിൾ, മരുന്ന് കലക്കുന്ന വീപ്പ തുടങ്ങിയവയും കത്തിനശിച്ചു. ഷെഢിൽ നിന്നും ബൈക്ക് കത്തിക്കാൻ ഉപയോഗിച്ചെന്ന് കരുതപ്പെടുന്ന പെട്രോൾ കുപ്പി കണ്ടെടുത്തിട്ടുണ്ട്. തുടർന്ന് രതീഷ് നെടുങ്കണ്ടം പൊലീസിൽ പരാതി നൽകി. പൊലീസെത്തി പ്രാധമിക വിവരങ്ങൾ ശേഖരിച്ചു. ഡോഗ് സ്‌ക്വാഡും വിരളടയാള വിദഗ്ധരും ഇന്ന് സംഭവസ്ഥലത്തെത്തി പരിശോധന നടത്തും.