നെടുങ്കണ്ടം :കാത്തിരിപ്പിന് വിരാമമാകുന്നു. സംസ്ഥാനത്തെ നാലാമത്തെ ആയുർവേദ മെഡിക്കൽ കോളേജായ ഉടുമ്പൻചോല ആയുർവേദ മെഡിക്കൽ കോളേജിന്റെ ഭാഗമായ ആശുപത്രി ആറുമാസത്തിനുള്ളിൽ പ്രവർത്തനമാരംഭിക്കും.ഉടുമ്പൻചോലയിൽ ചേർന്ന അവലോകന യോഗത്തിലാണ് ആശുപത്രി പ്രവർത്തനം ആരംഭിക്കാൻ തീരുമാനമായത്.
സംസ്ഥാനത്തെ ഏറ്റവും വലുതും നാലാമത്തേതുമായ ആയുർവേദ മെഡിക്കൽ കോളേജ് ഉടുമ്പൻചോലയിൽ യാഥാർഥ്യമാകുന്നതിന്റെ ആദ്യഘട്ടമായി മെഡിക്കൽ കോളേജിന്റെ ഭാഗമായ ആശുപത്രി ആറുമാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും.ഗ്രാമപഞ്ചായത്ത് കണ്ടെത്തി നൽകുന്ന കെട്ടിടത്തിലായിരിക്കും ആശുപത്രി താൽക്കാലികമായി പ്രവർത്തനം ആരംഭിക്കുക.തിരുവനന്തപുരം ആയുർവേദ മെഡിക്കൽ കോളേജ് പ്രൊഫസർ ഡോ. പി വൈ അൻസാരിയെ സ്‌പെഷ്യൽ ഓഫീസറായി കഴിഞ്ഞദിവസം ഗവൺമെന്റ് നിയമിച്ചിരുന്നു.ഇദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിലാണ് ഉടുമ്പൻചോലയിൽ അവലോകനയോഗം ചേർന്നത്. ആദ്യഘട്ടമായി ആശുപത്രി തുടങ്ങിയ ശേഷം, രണ്ടാംഘട്ടമായി നിർമാണപ്രവർത്തനങ്ങൾ ഒരു വർഷത്തിനുള്ളിൽ തന്നെ ആരംഭിക്കും. ജിവനക്കാരുടെ നിയമനം തസ്തിക സൃഷ്ടിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ രണ്ട് മാസത്തിനുള്ളിൽ പൂർത്തികരിക്കുമെന്ന് എംഎം മണി എം. എൽ. എ പറഞ്ഞു.
ആദ്യഘട്ട പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്നതിനായി ഉടുമ്പൻചോല എം എം മണി എംഎൽഎ രക്ഷാധികാരിയും ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എൻ മോഹനൻ ചെയർമാനായും, ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ സജികുമാർ സെക്രട്ടറിയായും നെടുങ്കണ്ടം, കരുണാപുരം, പാമ്പാടുംപാറ, സേനാപതി, രാജാക്കാട്, രാജകുമാരി, ശാന്തൻപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ അംഗങ്ങളുമായുള്ള വികസന സമിതിക്കും രൂപം നൽകി. ആയുർവേദ മെഡിക്കൽ കോളേജിനായി വിട്ടു നൽകിയിട്ടുള്ള ഭൂമിയിൽ ചുറ്റുമതിൽ നിർമ്മിക്കുന്നതിനായി ഫണ്ട് അനുവദിച്ചിട്ടുള്ളതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ സജി കുമാർ അറിയിച്ചു
, എക്‌സ്‌പെർട്ട് കമ്മറ്റി മെമ്പർ ഡോ.സുനിൽ ജോൺ,പ്ലാനിംഗ് ഓഫീസർ ഷാനു രാജ്, വി എൻ മോഹനൻ, കെ കെ സജികുമാർ, ആയുർവേദ ആശുപത്രി വികസന സമിതി ചെയർമാൻ എൻ പി സുനിൽകുമാർ, ശാന്തൻപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ജെ ഷൈൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ആശുപത്രിയ്ക്കായി താൽക്കാലികമായി കണ്ടെത്തുന്ന സ്ഥലങ്ങളിലും സംഘം സന്ദർശനം നടത്തി. ഒരാഴ്ചക്കുള്ളിൽ തന്നെ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് അവലോകന സമിതിയുടെ തീരുമാനം.
------21 ഏക്കറിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ആയുർവേദ മെഡിക്കൽ കോളേജാണ് മാട്ടുത്താവളത്ത് സ്ഥാപിക്കാൻ അനുമതിയായിരിക്കുന്നത്. 400 കോടി രൂപയാണ് മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്. ഇടുക്കി ജില്ലയുടെ ആരോഗ്യരംഗത്ത് വൻ കുതിപ്പ് ഉണ്ടാക്കുന്ന പദ്ധതിയാണ് ആയുർവ്വേദ മെഡിക്കൽ കോളേജ്
എംഎം മണി എം എൽ എ പറഞ്ഞു.