നെടുങ്കണ്ടം :ഉടുമ്പൻചോല താലൂക്കിൽ ശക്തമായ മഴയിൽ വ്യാപക നാശനഷ്ടം.ഉടുമ്പൻചോലയിൽ എട്ടു വീടുകൾ തകർന്നു. ഒരു കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. നിരവധിയിടങ്ങളിൽ വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. മണ്ണിടിഞ്ഞ് വീണും ഗതഗതം തടസ്സപ്പെട്ടു. തോട്ടം മേഖലയിലും രാത്രികാല യാത്രയ്ക്കും ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്.
രണ്ടുദിവസമായി ശക്തമായ മഴയാണ് പെയ്യുന്നത്. വ്യാപകമായ നാശനഷ്ടമാണ് മേഖലയിൽ ഉണ്ടായിട്ടുള്ളത്. എട്ടു വീടുകൾ തകർന്നു. ചിന്നക്കനാൽ, പാറത്തോട്, ആനവിലാസം എന്നീ വില്ലേജ്കളിൽ രണ്ടു വീടുകൾ വീതവും കൽകൂന്തൽ വില്ലേജിൽ ഒരു വീടിനും ആണ് നാശനഷ്ടം നേരിട്ടത്. ആനവിലാസത്ത് ഒരു കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. ആനവിലാസം കല്ലുവേലിഎസ്റ്റേറ്റ് പടി ഭാഗത്ത് ശക്തമായ കാറ്റിലും മഴയിലും കല്ലുങ്കൽ കറുപ്പയ്യയുടെ വീടിന്റെ സംരക്ഷണ ഭിത്തി പൂർണമായും നശിച്ചു. ഇതോടെ വീട് അപകവസ്ഥയിലായി വീട്ടുകാരെ മാറ്റിതാ മസിപ്പിക്കാൻ വേണ്ട നടപടി സ്വീകരിച്ചതായ് ഉടുമ്പൻചോല തഹസിൽദാർ അറിയിച്ചു. ആനവിലാസത്ത് കുളത്തുമെടു ഭാഗത്തു കുന്നേൽ തോമസ് ജോസഫിന്റെ വീടിനും നാശനഷ്ടം സംഭവിച്ചു. താലൂക്കിൽ നിരവധി വീടുകളുടെ കൽക്കെട്ടുകൾ ഇടിഞ്ഞു. ഉടുമ്പൻചോല മേഖലയിൽ വ്യാപകമായി വൈദ്യുത പോസ്റ്റുകൾ നിലംപൊത്തി. ഇതോടുകൂടി വൈദ്യുതബന്ധം ഉൾപ്രദേശങ്ങളിൽ പൂർണ്ണമായും നിലച്ചു. വൈദ്യുതിബന്ധം പുനസ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികൾ കൈകൊള്ളുന്നതായി കെഎസ്ഇബി അധികൃതർ അറിയിച്ചു. ജില്ല വീണ്ടും ഓറഞ്ച് അലർട്ട്‌ലേക്ക് മാറിയതോടെ ഉടുമ്പൻചോലയിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. തോട്ടം മേഖലകളിൽ ശക്തമായ കാറ്റിനൊപ്പം ആണ് മഴ പെയ്യുന്നത്. ഇത് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട് .ടൗണുകളിലും ഉൾനാടൻ പ്രദേശങ്ങളിലും പരക്കെ മഴയാണ് ലഭിച്ചത്.