രാജാക്കാട്: രാജകുമാരിക്ക് സമീപം വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന വാഹനം തീയിട്ട് നശിപ്പിച്ചു. കുരുവിളാ സിറ്റി വിളയിക്കാട്ട് ബേസിൽ ജോണിന്റെ മഹീന്ദ്ര മേജർ വാഹനമാണ് കത്തിച്ചത്. ഞായറാഴ്ച രാത്രി ഒരു മണിക്ക് ശേഷമായിരുന്നു സംഭവം. തീ പടർന്ന് വാഹനത്തിന്റെ ചില്ല് തകരുന്ന ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴാണ് വാഹനം കത്തുന്നത് കണ്ടത്. ഇന്ധന ടാങ്കിലേക്ക് തീ പടരുന്നതിന് മുൻപായി വെള്ളമൊഴിച്ച് തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. വാഹനത്തിന്റെ ഉൾവശം പൂർണ്ണമായും കത്തി നശിച്ചു. പെട്രോൾ ഒഴിച്ച ശേഷം തീ പന്തമെറിഞ്ഞാണ് വാഹനം കത്തിച്ചതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ഇതിനുപയോഗിച്ച പന്തം വാഹനത്തിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. വീട്ടുമുറ്റത്തും പരിസരത്തും മുളകുപൊടി വിതറിയ ശേഷമാണ് അക്രമി സ്ഥലം വിട്ടത്. ഡോഗ് സ്‌ക്വാഡിന് തെളിവ് ലഭിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്തിട്ടുള്ളതെന്നാണ് പൊലീസ് പറയുന്നത്. ശാന്തൻപാറ പൊലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തു. പരിസരത്തുള്ള സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ച് വരികയാണ്.