തൊടുപുഴ: കാലവർഷത്തിന് മുമ്പ് റോഡരികിലും തോട്ടങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുനീക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം ഉദ്യോഗസ്ഥർ അവഗണിച്ചതിനെ തുടർന്ന് നഷ്ടമായത് മൂന്ന് വിലപ്പെട്ട ജീവനുകൾ. അപകടാവസ്ഥയിലുള്ള മരങ്ങൾ മഴയ്ക്ക് മുമ്പായി മുറിച്ചു മാറ്റണമെന്ന ജില്ലാ കളക്ടറുടെ ആവർത്തിച്ചുള്ള ഉത്തരവുകളും നിർദ്ദേശങ്ങളും നടപ്പിലാക്കാതെ ഗുരുതരവീഴ്ചയാണ് ഉദ്യോഗസ്ഥർ വരുത്തിയത്. മഴക്കാലം ശക്തമാകുന്നതിന് മുമ്പ് കളക്ടർ ജില്ലയിലെ പൊതുമരാമത്ത്, തദ്ദേശസ്വയംഭരണം, റവന്യൂ, വനം വന്യജീവി, വിദ്യാഭ്യാസം, ജലവിഭവം, വൈദ്യുതി തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം അടിയന്തരമായി വിളിച്ച് ചേർത്തിരുന്നു. റോഡിന്റെ വശങ്ങളിലും പുറമ്പോക്ക് ഭൂമിയിലും സ്വകാര്യ വ്യക്തികളുടെ പറമ്പിലും ജനങ്ങൾക്ക് ഭീഷണിയായ അപകടാവസ്ഥയിലുള്ള മരങ്ങളും ശിഖരങ്ങളും അടിയന്തരമായി മുറിച്ച് മാറ്റണമെന്ന് കളക്ടർ ഈ യോഗത്തിൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. ഇത് സംബന്ധിച്ചുള്ള ഉത്തരവ് ബന്ധപ്പെട്ട വകുപ്പ് അധികൃതർക്ക് കൈമാറുകയും ചെയ്തിരുന്നു. സർക്കാർ ഭൂമിയിലെ മരങ്ങളുടെ അപകടാവസ്ഥ അതത് വകുപ്പുകളും സ്വകാര്യ വ്യക്തികളുടെ പറമ്പിലെ മരങ്ങൾ അതത് സ്ഥലമുടമയും പരിഹരിക്കണമെന്നതാണ് വ്യവസ്ഥ. സ്വകാര്യ വ്യക്തികൾ മുറിച്ച് നീക്കിയില്ലെങ്കിൽ അതത് തദ്ദേശ സ്ഥാപനങ്ങൾ അതിന് തയ്യാറാകണം. ഇതിന് ആവശ്യമായി വരുന്ന പണം സ്ഥലമുടമയിൽ നിന്ന് ഈടാക്കണം. മരത്തിന്റെ അപകടാവസ്ഥ പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളിലുള്ള 'ട്രീ കമ്മിറ്റി' യോഗം ചേരണം. എന്നാൽ കാലവർഷം ആരംഭിച്ച് ഒരു മാസം കഴിഞ്ഞിട്ടും കളക്ടറുടെ നിർദേശങ്ങളും ഉത്തരവുകളുമൊന്നും പാലിക്കപ്പെട്ടില്ലെന്നതിന് ഉദാഹരണമാണ് ഉടുമ്പഞ്ചോല വില്ലേജിൽ ഇന്നലെയുണ്ടായ മൂന്ന് മരണങ്ങൾ.

ഭീഷണിയായി നിരവധി മരങ്ങൾ

നിരവധി പാഴ് മരങ്ങളാണ് ഹൈറേഞ്ചിലെ ഏലതോട്ടങ്ങളിലും തേയില തോട്ടങ്ങളിലും നിൽക്കുന്നത്. തോട്ടങ്ങളിൽ ജോലി ചെയ്യുന്നതിനിടെ മരം വീണ് നിരവധി നിർദ്ധന തൊഴിലാളികളാണ് കൊല്ലപ്പെട്ടിട്ടുള്ളത്. നെടുങ്കണ്ടം മേഖലയിലെ ഏലത്തോട്ടങ്ങളിലാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്നിട്ടുള്ളത്. അപകടഭീഷണിയുള്ള മരങ്ങൾ മുറിച്ചു നീക്കണമെന്ന് എത്ര ആവശ്യപ്പെട്ടാലും തോട്ടമുടമകൾ തയ്യാറാകാത്തതാണ് പ്രധാന പ്രശ്‌നം. കർശന നപടിയെടുക്കാൻ ഉദ്യോഗസ്ഥരും മടിക്കുന്നു. ഇതുകൂടാതെ സ്വകാര്യ ഭൂമിയിലടക്കം നിരവധിയിടങ്ങളിൽ ചെറുതും വലുതുമായ മരങ്ങൾ വീണ് അപകടങ്ങളുണ്ടാകുന്നുണ്ട്.

വീണ് തീരാതെ മരങ്ങൾ
1. തിങ്കളാഴ്ച ഉച്ചയ്ക്ക് രാജകുമാരി സേനാപതി റോഡിൽ സ്വകാര്യ എസ്റ്റേറ്റിൽ മരം വീണ് തകർന്ന വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനായി മറ്റൊരു പോസ്റ്റുമായെത്തിയ വാഹനത്തിന് മുകളിലേക്ക് മരം ഒടിഞ്ഞു വീണു. ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു.

2. ഞായറാഴ്ച രാത്രി 10.15 മണിയോടെ മുട്ടം ഈരാട്ടുപേട്ട റൂട്ടിൽ ചള്ളാവയൽ ഭാഗത്ത് കെ.എസ്.ആർ.ടി.സി ബസിന്റെ മുകളിലേക്ക് മരത്തിന്റെ ശിഖരം ഒടിഞ്ഞ് വീണ് മുൻവശത്തെ ചില്ല് പൂർണ്ണമായും തകർന്നു. തല നാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.

3. ഞായറാഴ്ച കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ വാളറയ്ക്കും ചീയപ്പാറയ്ക്കുമിടയിൽ മരംവീണ് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

4. ഞായറാഴ്ച മാങ്കുളം കല്ലാർ റൂട്ടിൽ വൈദ്യുതി ലൈനിൽ പതിച്ച മരം റോഡിൽ വീണ് ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

5. ശനിയാഴ്ച പുളിയന്മല രാമക്കൽമേട് റോഡിൽ ഗണപതിപാലത്തിന് സമീപം ഓടിക്കൊണ്ടിരുന്ന ബൊലേറോ ജീപ്പിന് മുകളിലേയ്ക്ക് മരം വീണ് ഒരാൾക്ക് പരിക്കേറ്റിരുന്നു. ഏലത്തോട്ടത്തിന് സമീപം റോഡരികിൽ നിന്ന ഉണക്ക മരമാണ് കടപുഴകിയത്.

'അപകടകരമായ മരങ്ങൾ മുറിച്ച് നീക്കണമെന്ന ഉത്തരവ് സർക്കാർ വകുപ്പുകൾ ഒരു പരിധിവരെ നടപ്പിലാക്കിയിട്ടുണ്ട്. ഇതിന് ശേഷം കേടുംമറ്റും ബാധിച്ച മരങ്ങളാണ് ഇപ്പോൾ കടപുഴകുന്നത്. ഇവ പരിശോധിച്ച് ഇപ്പോഴും വനംവകുപ്പടക്കം മരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റുന്നുമുണ്ട്."

-ജില്ലാ കളക്ടർ ഷീബാ ജോർജ്ജ്‌