തൊടുപുഴ: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ആംബുലൻസ് ഡ്രൈവറുടെ ലൈസൻസ് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. കാഞ്ഞിരമറ്റം കണ്ണിപ്പള്ളിൽ യേശുദാസിന്റെ (53) ഡ്രൈവിംഗ് ലൈസൻസാണ് ഇടുക്കി ആർ.ടി.ഒ രമണൻ താത്കാലികമായി റദ്ദാക്കിയത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെ കലയന്താനിയിൽ രോഗിയെ ഇറക്കിയ ശേഷം തിരികെ വന്ന ആംബുലൻസ് ഇടവെട്ടിയിൽ വച്ച് ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ആംബുലൻസ് ഡ്രൈവർ മദ്യപിച്ചെന്ന സംശയത്തെ തുടർന്ന് നാട്ടുകാരാണ് ഇയാളെ തടഞ്ഞു വച്ച് പൊലീസിനെ ഏൽപ്പിച്ചത്. വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോൾ മദ്യപിച്ചിരുന്നതായി വ്യക്തമായി. തുടർന്ന് ഇന്നലെ ആർ.ടി.ഒ രമണൻ തൊടുപുഴയിലെ എൻഫോഴ്സ്മെന്റ് ആർ.ടി ഓഫീസിലേക്ക് ഇയാളെ വിളിച്ചുവരുത്തി. അരിഷ്ടമാണ് കഴിച്ചതെന്ന് യേശുദാസ് പറഞ്ഞെങ്കിലും വൈദ്യ പരിശോധനാ ഫലം ചൂണ്ടിക്കാട്ടി ആർ.ടി.ഒ നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. തുടർന്ന് ആറ് മാസത്തേക്ക് ലൈസൻസ് റദ്ദാക്കുകയായിരുന്നു. ഇരുചക്രമടക്കം ഒരു വാഹനങ്ങളും ആറ് മാസത്തേക്ക് യേശുദാസന് ഓടിക്കാനാകില്ല. ഇയാളുടെ ഡ്രൈവിംഗ് ലൈസൻസും കസ്റ്റഡിയിലെടുത്തു. ആംബുലൻസ് ഡ്രൈവർ മദ്യപിച്ച് വാഹനമോടിക്കുന്നത് വളരെ ഗുരുതരമായ കുറ്റമാണെന്നും അതിനാലാണ് ഇത്രയും വേഗം നടപടിയെടുത്തതെന്നും ആർ.ടി.ഒ രമണൻ പറഞ്ഞു. യേശുദാസ് സ്ഥിരമായി മദ്യപിച്ചാണ് ആംബുലൻസ് ഓടിക്കുന്നതെന്ന് നിരവധി പേർ ഫോണിലടക്കം വിളിച്ച് പരാതി പറഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു. മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹമോടിച്ചതിന് പൊലീസും കേസെടുത്തിട്ടുണ്ട്. അപകടത്തിൽ സാരമായി പരിക്കേറ്റ ഓട്ടോഡ്രൈവർ ഇടവെട്ടി മലയിൽ അഷ്‌റഫ് ഏഴല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.