കട്ടപ്പന :വാഹന പ്രചരണ ജാഥയ്ക്ക് സ്വീകരണം നൽകാനായി സ്ഥാപിച്ച പന്തൽ തകർന്ന് വീണ് കർഷക സംഘം നേതാവിന് പരിക്കേറ്റു.കർഷക സംഘം ഏരിയ ഖജാൻജി കട്ടപ്പന ഓലിക്കരോട്ട് കുര്യനാണ് ( 62 - ബേബി ) തലയ്ക്ക് സാരമായി പരിക്കേറ്റത്.ഇദ്ദേഹത്തെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ വിദഗ്‌ദ്ധചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.തിങ്കളാഴ്ച്ച രാവിലെ 9 മണിയോടെയാണ് കർഷക സംഘം നടത്തുന്ന വാഹന പ്രചാരണ ജാഥയ്ക്ക് സ്വീകരണം നൽകാനായി കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ കഫംർട്ട് സ്‌റ്റേഷന് സമീപത്തായി സ്ഥാപിച്ച പന്തൽ തകർന്ന് കുര്യന്റെ ദേഹത്ത് വീണത്.ജാഥ എത്തുന്നതിന് ഏതാനും നിമിഷം മുൻപാണ് ശക്തമായ കാറ്റത്ത് പന്തൽ നിലം പതിച്ചത്.ഇതിനുള്ളിൽ നിന്നിരുന്ന കുര്യന്റെ തലയിലേയ്ക്ക് ഇരുമ്പ് പൈപ്പുകൾ വീണതാണ് പരിക്ക് ഏൽക്കുവാൻ കാരണം.മറ്റ് പ്രവർത്തകർ പന്തലിനടിയിൽ ഉണ്ടായിരുന്നുവെങ്കിലും ഓടി രക്ഷപ്പെട്ടു. പരിക്കേറ്റയാളെ ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയത്തേയ്ക്ക് മാറ്റുകയുമായിരുന്നു.അപകടമുണ്ടായ സാഹചര്യത്തിൽ വാഹന പ്രചരണ ജാഥയുടെ കട്ടപ്പനയിലെ സ്വീകരണം മാറ്റിവയ്ക്കുകയും ചെയ്തു.