chantha
കട്ടപ്പന കൃഷിഭവന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷക സഭകളുടെയും ഞാറ്റുവേല ചന്തയുടെയും ഉദ്ഘാടനം നഗരസഭാ അദ്ധ്യക്ഷ ബീന ജോബി നിർവ്വഹിക്കുന്നു.

കട്ടപ്പന :കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക സഭകളും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. കട്ടപ്പന നഗരസഭാ പരിധിയിലെ കർഷകർക്ക് വിളകൾ നേരിട്ടെത്തി വിൽപ്പന നടത്തുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ഞാറ്റുവേല ചന്ത നടത്തിയത്.തിങ്കളാഴ്ച്ച രാവിലെ 11 ന് ടൗൺഹാളിൽ നടന്ന പരിപാടി നഗരസഭാ അദ്ധ്യക്ഷ ബീനാ ജോബി ഉദ്ഘാടനം ചെയ്തു.

ഞാറ്റുവേല ചന്തയോടനുബന്ധിച്ച് കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ ഉദ്പ്പന്നങ്ങൾ, പച്ചക്കറിവിത്തുകൾ,പച്ചക്കറി തൈകൾ ,ഫലവൃക്ഷ തൈകൾ, ഏലത്തട്ടകൾ, കൊടിത്തലകൾ, ടിഷ്യൂ കൾച്ചർ, വാഴവിത്തുകൾ,കൂൺ, നാടൻ പച്ചക്കറികൾ, മറ്റുകാർഷിക വിഭവങ്ങൾ എന്നിവയുടെ പ്രദർശനവും വിപണനവും നടത്തി. വിവിധ കാർഷിക നഴ്‌സറികളും ഞാറ്റുവേല ചന്തയിൽ പങ്കാളികളായി.വിള ഇൻഷ്വറൻസ്,കർഷക രജിസ്‌ട്രേഷൻ, പി.എം കിസാൻ ലാൻഡ് വെരിഫിക്കേഷൻ എന്നിവ നടത്തുന്നതിനുളള സൗകര്യവും ഏർപ്പെടുത്തിയിരുന്നു.

യോഗത്തിൽ നഗരസഭാഗം പ്രശാന്ത് രാജു അദ്ധ്യക്ഷനായി.കൃഷി ഓഫീസർ എം ജെ അനുരൂപ്, കൃഷി അസിസ്റ്റന്റ് സുരേഷ് കുമാർ,നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി അദ്ധ്യക്ഷൻമാർ ,കൗൺസിലർമാർ, കാർഷിക വികസന സമിതി അംഗങ്ങൾ,കുടുംബശ്രീ പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.