
ഇടുക്കി: ഇടുക്കി ജില്ലയിൽ രണ്ടിടങ്ങളിലായി മണ്ണിടിഞ്ഞ് വീണ് സ്ത്രീയടക്കം രണ്ട് പേർ മരിച്ചു. ഏലപ്പാറയിൽ എസ്റ്റേറ്റ് ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് തൊഴിലാളി സ്ത്രീ മരിച്ചതാണ് ആദ്യത്തെ അപകടം. കോഴിക്കാനം എസ്റ്റേറ്റിൽ രണ്ടാം ഡിവിഷൻ 13 മുറിലയത്തിൽ രാജുവിന്റെ ഭാര്യ പുഷ്പയാണ് (ഭാഗ്യം- 50) മരിച്ചത്. പുലർച്ചെ അഞ്ചിന് ജോലിക്ക് പോകുന്നതിന് മുന്നോടിയായി അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെ ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. അടുക്കള വാതിലിന്റെ ഇടയിൽപ്പെട്ട പുഷ്പയെ പീരുമേട്ടിൽ നിന്നെത്തിയ അഗ്നിശമനാസേനയുടെയും പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. അപകടം നടക്കുമ്പോൾ പുഷ്പയുടെ മൂന്നു മക്കളും ഭർത്താവും തൊട്ടടുത്ത മുറിയിൽ ഉറങ്ങുന്നുണ്ടായിരുന്നെങ്കിലും ഇവർക്ക് പരിക്കുകളൊന്നുമില്ല.
അടിമാലി ആനച്ചാലിനടുത്ത് മുതുവാൻകുടിയിൽ വീട് നിർമ്മാണത്തിനിടെ വിശ്രമിക്കുകയായിരുന്ന തൊഴിലാളിയുടെ ദേഹത്ത് മണ്ണിടിഞ്ഞ് വീണാണ് രണ്ടാമത്തെ അപകടം. മുതുവാൻകുടി കുഴിയാലിയിൽ കെ.സി. പൗലോസാണ് (56) മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് ഭക്ഷണം കഴിച്ച ശേഷം വീടിന്റെ പിൻഭാഗത്ത് വിശ്രമിക്കുകയായിരുന്ന പൗലോസിന്റെ ദേഹത്തേക്ക് പിന്നിലെ മൺതിട്ടയിടിഞ്ഞ് വീഴുകയായിരുന്നു. അപകടം നടന്ന ഉടൻ നാട്ടുകാരും ഓട്ടോറിക്ഷാ തൊഴിലാളികളും ചേർന്ന് പൗലോസിനെ പുറത്തെടുത്ത് അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഒപ്പം ജോലി ചെയ്തിരുന്ന നാല് തൊഴിലാളികളും പരിക്കുകളില്ലാതെ രക്ഷപെട്ടു.
ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ മീൻപിടിക്കുന്നതിനിടെ അടിമാലി ദേവിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട ഇരുമ്പുപാലം ഒഴുവത്തടം കളത്തിൽപ്പറമ്പിൽ തങ്കന്റെ മകൻ അഖിലിനെ (22) ഇന്നലെയും കണ്ടെത്താനായില്ല. കോതമംഗലത്ത് നിന്നെത്തിയ ഫയർഫോഴ്സിന്റെ സ്കൂബാ ടീം വൈകിട്ട് വരെ തെരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.
ഇന്നലെ പുലർച്ചെ അടിമാലി- മൂന്നാർ റോഡിൽ കല്ലാർ പാലത്തിന് സമീപം റോഡിലേക്ക് വലിയ പാറ വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ഞായറാഴ്ച രാത്രി 11ന് മുട്ടം ചള്ളാവയലിൽ തിരുവനന്തപുരത്തു നിന്ന് മൂലമറ്റത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന് മുകളിലേക്ക് മരം വീണെങ്കിലും ആർക്കും പരിക്കില്ല.
ജില്ലയിൽ നിലവിൽ ഓറഞ്ച് അലർട്ടാണെങ്കിലും ഇന്നലെ പകൽ മഴ കുറവായിരുന്നു. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഒരു ദിവസം കൊണ്ട് രണ്ടടിയോളം ഉയർന്നു. 2344.04 അടിയാണ് ഇന്നലെ ഡാമിലെ ജലനിരപ്പ്. ജലനിരപ്പുയർന്നതിനെ തുടർന്ന് കല്ലാർക്കുട്ടി അണക്കെട്ടിന്റെ ഷട്ടർ ഇന്നലെ തുറന്നു.