ഇടുക്കി: ജില്ലയിൽ മഴയുടെ ശക്തി അൽപ്പം കുറഞ്ഞെങ്കിലും ഇന്നലെ രണ്ടിടങ്ങളിലായി മണ്ണിടിഞ്ഞ് വീണ് സ്ത്രീയടക്കം രണ്ട് പേർ മരിച്ചു. ഏലപ്പാറയിൽ എസ്റ്റേറ്റ് ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് തൊഴിലാളി സ്ത്രീ മരിച്ചതാണ് ആദ്യത്തെ അപകടം. കോഴിക്കാനം എസ്റ്റേറ്റിൽ രണ്ടാം ഡിവിഷൻ 13 മുറിലയത്തിൽ രാജുവിന്റെ ഭാര്യ പുഷ്പയാണ് (ഭാഗ്യം- 50) മരിച്ചത്.

അടിമാലി ആനച്ചാലിനടുത്ത് മുതുവാൻകുടിയിൽ വീട് നിർമ്മാണത്തിനിടെ വിശ്രമിക്കുകയായിരുന്ന തൊഴിലാളിയുടെ ദേഹത്ത് മണ്ണിടിഞ്ഞ് വീണാണ് രണ്ടാമത്തെ അപകടം. മുതുവാൻകുടി കുഴിയാലിയിൽ കെ.സി. പൗലോസാണ് (56) മരിച്ചത്.

ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ മീൻപിടിക്കുന്നതിനിടെ അടിമാലി ദേവിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട ഇരുമ്പുപാലം ഒഴുവത്തടം കളത്തിൽപറമ്പിൽ തങ്കന്റെ മകൻ അഖിലിനെ (22) ഇന്നലെയും കണ്ടെത്താനായില്ല. കോതമംഗലത്ത് നിന്നെത്തിയ ഫയർഫോഴ്സിന്റെ സ്കൂബാ ടീം വൈകിട്ട് വരെ തിരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.

ഇന്നലെ പുലർച്ചെ അടിമാലി- മൂന്നാർ റോഡിൽ കല്ലാർ പാലത്തിന് സമീപം റോഡിലേക്ക് വലിയ പാറ വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ഞായറാഴ്ച രാത്രി 11ന് മുട്ടം ചള്ളാവയലിൽ തിരുവനന്തപുരത്ത് നിന്ന് മൂലമറ്റത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന് മുകളിലേക്ക് മരം വീണെങ്കിലും ആർക്കും പരിക്കില്ല. ജില്ലയിൽ നിലവിൽ ഓറഞ്ച് അലർട്ടാണെങ്കിലും ഇന്നലെ പകൽ മഴ കുറവായിരുന്നു. ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിൽ 35.64 മില്ലി മീറ്രർ മഴയാണ് ലഭിച്ചത്. ഇടുക്കി താലൂക്കിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്- 55.8 മില്ലി മീറ്റർ. കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നും ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മഴയുടെ അളവ് (മില്ലി മീറ്ററിൽ)

ഉടുമ്പഞ്ചോല- 8.4

ദേവികുളം- 46.4

ഇടുക്കി- 55.8

പീരുമേട്- 36

തൊടുപുഴ- 31.6

ശരാശരി- 35.64

ഇടുക്കിയിൽ രണ്ടടി കൂടി, കല്ലാർകുട്ടി തുറന്നു

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കല്ലാർകുട്ടി അണക്കെട്ടിന്റെ ഷട്ടർ തുറന്നു. പാംബ്ല അണക്കെട്ട് നിലവിൽ തുറന്നിരിക്കുകയാണ്. നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് ഒറ്റ ദിവസം കൊണ്ട് രണ്ടടിയിലേറെ ഉയർന്നു. ഞായറാഴ്ച 2341.92 അടിയായിരുന്ന ജലനിരപ്പ് ഇന്നലെ 2344.04 ലെത്തി. സംഭരണശേഷിയുടെ 39 ശതമാനമാണിത്. 2403 അടിയാണ് പരമാവധി സംഭരണശേഷി. 40.42 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ ജലമാണ് ഇന്നലെ അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതിലുയർന്ന് 127.7 അടിയിലെത്തി.